Skip to main content

നോർക്ക റൂട്ട്‌സുമായി സഹകരിച്ച് ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സ്‌കോളർഷിപ്പിന്റെ വിതരണോദ്ഘാടനം ഫെബ്രുവരി 11ന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി നിർവഹിക്കും

പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സുമായി സഹകരിച്ച് പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ. പി. ഫൗണ്ടേഷൻ  നടപ്പിലാക്കുന്ന 'ഡോ. രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പിന്റെ'   വിതരണോദ്ഘാടനം ഫെബ്രുവരി 11ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മാസ്‌കോട്ട്  ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.

 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനമികവുള്ള വിദ്യാർത്ഥികൾക്കായി നോർക്ക റൂട്ട്‌സുമായി സഹകരിച്ച് ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 1,500 വിദ്യാർത്ഥികൾക്കായി 10 കോടി രൂപയാണ് ഈ വർഷം വിതരണം ചെയ്യുന്നത്.

നോർക്ക റൂട്ട്‌സ് സി.ഇ.ഒ. ചെയർമാനായുള്ള പ്രത്യേക അപ്രൂവൽ കമ്മിറ്റിയാണ് തികച്ചും സുതാര്യമായ മാനദണ്ഡങ്ങളിലൂടെ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തിയത്. ആർ.പി. ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഗണേഷ് രവി പിള്ളഡോ. ആരതി രവി പിള്ള എന്നിവരും നോർക്ക റൂട്ട്‌സ് ജനറൽ മാനേജരും ഈ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.

 ആകെ ലഭിച്ച 10,942 അപേക്ഷകളിൽ നിന്നാണ് 1,500 പേരെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും അക്കാദമിക് തലത്തിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരാണ്. പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളർഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കൾക്കായും 5 ശതമാനം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായും നീക്കിവെച്ചിട്ടുണ്ട്.

സ്‌കോളർഷിപ്പ് വിഹിതം മൂന്ന് വിഭാഗങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ (സ്റ്റേറ്റ്സി.ബി.എസ്.ഇഐ.സി.എസ്.ഇ) തിരഞ്ഞെടുക്കപ്പെട്ട 1,100 വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം ആകെ 5.5 കോടി രൂപ നൽകും. ഇതിൽ സംസ്ഥാന സിലബസിൽ നിന്ന് 950 പേരും സി.ബി.എസ്.ഇയിൽ നിന്ന് 100 പേരും ഐ.സി.എസ്.ഇയിൽ നിന്ന് 13 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

 ബിരുദ തലത്തിൽ പ്രൊഫഷണൽനോൺ-പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന 200 പേർക്ക് ഒരു ലക്ഷം രൂപ വീതം ആകെ രണ്ട് കോടി രൂപയുംബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 200 പേർക്ക് 1.25 ലക്ഷം രൂപ വീതം ആകെ 2.5 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. ബിരുദ തലത്തിൽ 150 ജനറൽ വിഭാഗക്കാരും 40 എൻ.ആർ.കെ വിഭാഗക്കാരും ഭിന്നശേഷി വിഭാഗത്തിൽ നിന്ന് 10 പേരും ബിരുദാനന്തര ബിരുദ തലത്തിൽ 158 ജനറൽ വിഭാഗക്കാരും 40 എൻ.ആർ.കെ വിഭാഗക്കാരും ഭിന്നശേഷി വിഭാഗത്തിൽ നിന്ന് 2 പേരും സ്‌കോളർഷിപ്പിന് അർഹരായിട്ടുണ്ട്.        

ഫെബ്രുവരി 11ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവർ സന്നിഹിതരായിരിക്കും. എം.പിമാർഎം.എൽ.എമാർആർ.പി. ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിള്ളനോർക്ക റൂട്ട്‌സിലെയും ആർ.പി. ഫൗണ്ടേഷനിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് സി.ഇ.ഒ. അറിയിച്ചു.

പി.എൻ.എക്സ്. 559/2026

date