Skip to main content

വോട്ടർ ബോധവൽക്കരണം: കൊച്ചിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനും ജനാധിപത്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ജില്ലാ ഇലക്ഷൻ വിഭാഗവും (സ്വീപ് ) സി3 സൈക്ലിംഗ് ക്ലബ്ബും സംയുക്തമായി കൊച്ചിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റാലി സബ് കളക്ടർ ഗ്രന്ഥെ സായ് കൃഷ്ണ ഫ്ലാഗ് ഓഫ് ചെയ്തു.

വോട്ട് എന്നത് കേവലം ഒരു അവകാശം മാത്രമല്ല, മറിച്ച് പൗരന് ലഭിക്കുന്ന വലിയൊരു പദവിയാണെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും സജീവമായി പങ്കാളികളാകണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 6.30-ന് ആരംഭിച്ച റാലി വൈറ്റില, പാലാരിവട്ടം, ഹൈക്കോടതി വഴി സഞ്ചരിച്ച് തിരികെ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. 75-ഓളം സൈക്ലിസ്റ്റുകൾ പങ്കെടുത്ത റാലിക്ക് ആവേശം പകരാൻ സ്പൈസ്കോസ്റ്റ് കൊച്ചിൻ – ഹാർലി ഓണേഴ്സ് ഗ്രൂപ്പിന്റെ ബൈക്ക് റാലിയും അകമ്പടിയായി എത്തി. റാലിയുടെ സമാപന ചടങ്ങിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സബ് കളക്ടർ വിതരണം ചെയ്തു.പരമാവധി വോട്ടർ പങ്കാളിത്തം ഉറപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ വിവിധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.

കണയന്നൂർ താലൂക് റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ ജോസഫ് ആന്റണി ഹെർടിസ്, ഹെഡ് ക്ലർക്ക് ടി.എം ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു

date