നവകേരളം യാഥാര്‍ഥ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കോന്നി- വെട്ടൂര്‍- കൊന്നപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
നവകേരളം എന്നത് സങ്കല്പമല്ല യാഥാര്ത്ഥ്യമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിനൊപ്പം കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യം. സര്‍വതല സ്പര്‍ശിയായ വികസനമാണ് ആവശ്യം. ജനങ്ങളുടെ പിന്തുണയിലൂടെ വലിയ തോതിലുള്ള വികസനം നടന്നു. നാടിന്റെയും ജനത്തിന്റെയും ഐക്യത്തിലൂടെ പ്രതിസന്ധികളില്‍ അതിജീവനം സാധ്യമായി. കോന്നി- വെട്ടൂര്‍- കൊന്നപ്പാറ റോഡ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയിലൂടെ സംസ്ഥാനത്ത് കൂടുതല്‍ വികസനം നടന്നു. 2016 ല്‍ സര്‍ക്കാര്‍ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. സംസ്ഥാനത്ത് പാലം, ഓവര്‍ ബ്രിഡ്ജ്, ഫ്ളൈ ഓവര്‍ തുടങ്ങിയവയിലൂടെ കൂടുതല്‍ വികസനം സാധ്യമാക്കി. മലയോര, തീരദേശ ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ 5000 കോടി രൂപ ചെലവഴിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി. ആര്‍ദ്രം മിഷന് പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് മികച്ച ചികത്സ സൗകര്യം ഒരുക്കി. കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെ പലവിധത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കി. സംസ്ഥാനത്ത് നവജാത ശിശു മരണ നിരക്ക്, മാതൃ മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി. വിവിധ മേഖലകളില്‍ 90,000 കോടി രൂപയുടെ വികസനം കിഫ്ബി വഴി ഏറ്റെടുത്തു. മികച്ച രീതിയിലുള്ള പുനരധിവാസം ചൂരല്‍മലയില്‍ ഒരുങ്ങുന്നു. പാവപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. നാടിന്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രധാന്യം നല്കുന്നു. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നല്കുന്ന സ്ത്രീ സുരക്ഷ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കിഫ്ബിയിലൂടെ പാലം , റോഡ്, കെട്ടിടം തുടങ്ങിയവയുടെ നിര്‍മാണം സാധ്യമായതായി അധ്യക്ഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 150 ല്‍ അധികം പാലങ്ങള്‍ നിര്‍മിച്ചു. സര്‍ക്കാരിന്റെ വികസന പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു.
കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വൈസ് പ്രസിഡന്റ് എ ശ്യാംലാല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ആര് ശ്യാമള, അംഗങ്ങളായ മലയാലപ്പുഴ മോഹനന്, പ്രീജ പി. നായര്‍, എന്‍ വളര്‍മതി, എന്‍ എസ് ശശിലത, എം നാഗൂര് മീര, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ സജികുമാര്‍, കെ എ പ്രസാദ് എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന് നന്ദി പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്നതും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അധീനതയിലുള്ളതുമായ 9.9 കി.മീ ദൈര്‍ഘ്യമുള്ള മൂന്ന് റോഡുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
നവീകരിച്ച സഞ്ചയത്ത് കടവ് പാലം അപ്രോച്ച് റോഡ്, കുമ്പഴ വെട്ടൂര്‍ വഴി കോന്നി റോഡ് എന്നിവ പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്രധാന സമാന്തര പാതയാണ്. കോന്നി, മലയാലപ്പുഴ, വടശ്ശേരിക്കര പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നു. ചാങ്കൂര്‍ അതുമ്പുംകുളം റോഡ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അടവി, തണ്ണിത്തോട് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണ്. റോഡുകളുടെ മോശമായ ഭാഗം പൂര്‍ണമായും ജി എസ് ബി, ഡബ്ല്യു എം എം, ബി എം, ബി സി നല്‍കിയും ബാക്കി ബി സി ഓവര്ലേയിലൂടെയും പൂര്‍ത്തിയാക്കി. അവശ്യ ഭാഗങ്ങളില്‍ ഐറിഷ് ഓടകളും, ട്രാഫിക് സേഫ്റ്റി ഉപാധികളായ ലൈന്‍ മാര്‍ക്കിങ്ങുകള്‍, സ്റ്റഡുകള്‍ എന്നിവയും നല്കി.
- Log in to post comments