Skip to main content

കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം: സംഘാടകസമിതി രൂപീകരിച്ചു

 

കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം കെ.കെ ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ല്യാട് വന്ദന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജ അധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ എസ് എം ഡി ഡോ. സജിത് ബാബു പദ്ധതി വിശദീകരണം നടത്തി. 

കെ.കെ ശൈലജ ടീച്ചർ എം എൽ എയെ ചെയർപേഴ്സണായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുലേഖ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായും യോഗം തെരഞ്ഞെടുത്തു. ഡോ. സജിത് ബാബു ജനറൽ കൺവീനറും ഡോ. കെ.സി അജിത് കുമാർ കൺവീനറുമാണ്.

ഫെബ്രുവരി 20 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഒന്നാംഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 311 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് 400 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഈ ബൃഹത്തായ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണത്തിന് 190 കോടി രൂപയാണ് ചെലവ്.

പടിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി രാമചന്ദ്രൻ, ഡോ. ടി.ഡി ശ്രീകുമാർ, ഡോ. ഹൃദിക്, ഡോ. കെ.സി അജിത് കുമാർ, സ്പെഷ്യൽ ഓഫീസർ ഡോ. വി രാജ്മോഹൻ, ഇരിക്കൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനിൽകുമാർ, പടിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

date