Skip to main content

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം 25 ന്; എക്സിബിഷന്‍ 22 മുതല്‍

 

ജനറല്‍ കമ്മിറ്റി രൂപീകരിച്ചു

കല്ല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഫെബുവരി 25 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 മുതല്‍ 25 വരെ കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ എക്സിബിഷന്‍ സംഘടിപ്പിക്കും. എക്സിബിഷന്റെ വിജയകരമായ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയില്‍ ജനറല്‍ കമ്മിറ്റി രൂപീകരിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനെ കമ്മിറ്റി ചെയര്‍മാനും വൈസ് പ്രസിഡന്റ് ടി ഷബ്ന, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി രവീന്ദ്രന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരുമായി യോഗം തെരഞ്ഞെടുത്തു. ഡോ. സജിത് ബാബു, ഡോ.കെ.സി അജിത് കുമാര്‍ എന്നിവരാണ് കണ്‍വീനര്‍മാര്‍. പ്രദര്‍ശന നഗരിയില്‍ ആയുര്‍വേദ സസ്യങ്ങളുടെ പ്രദര്‍ശനവും വിവിധ വകുപ്പുകളുടെ പവലിയനുകളും ഔഷധിയുടെ സ്റ്റാളും ഫുഡ് കോര്‍ട്ടും ഉണ്ടാകും. രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് എക്സിബിഷന്‍. 

പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ 311 ഏക്കറില്‍ 400 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം നടപ്പാക്കുന്നത്. ബൃഹത്തായ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടത്തിന് 190 കോടി രൂപയാണ് ചെലവ്. 

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി ഷബ്ന, കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. കെ.സി അജിത് കുമാര്‍, പരിയാരം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്‍ ഇന്ദുലേഖ, ഡി.എം.ഒ ഐ എസ് എം ഡോ. ഡി.സി ദീപ്തി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

date