Skip to main content

വികസനത്തിന് പുതുവഴി: ചേരിക്കൽ–കോട്ടം, കീഴത്തൂർ പാലങ്ങൾ ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

പിണറായി ഗ്രാമപഞ്ചായത്തിലെ  ചേരിക്കൽ–കോട്ടം പാലവും
അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിച്ച കീഴത്തൂർ പാലവും ഫെബ്രുവരി 17 ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 

ധർമ്മടം നിയോജക മണ്ഡലത്തിലെ, പെരളശ്ശേരി പഞ്ചായത്തിനെയും, വേങ്ങാട്  പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പുതുതായി നിർമ്മിച്ച കീഴത്തൂർ പാലത്തിന് 12.20 കോടി രൂപയാണ് ചെലവഴിച്ചത്.
പാലത്തിന് 205.45 മീറ്റർ നീളവും ഇരുഭാഗങ്ങളിലും 1.2 മീറ്റർ നടപ്പാതകളോട് കൂടി ആകെ 10.4 മീറ്റർ വീതിയും ഉണ്ട്.  പള്ളിയത്ത് ഭാഗത്ത് 64 മീറ്റർ നീളത്തിലും കീഴത്തൂർ ഭാഗത്ത് 80 മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും പൂർത്തിയാക്കി. കൂടാതെ പാലത്തിൻ്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്ക്  സർവ്വീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്. ഡ്രെയിനേജ് സംവിധാനം, റോഡ് സുരക്ഷാക്രമീകരണങ്ങൾ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ എം എൽ എ ഫണ്ടിൽ നിന്ന് 20 ലക്ഷം  രൂപ ഉപയോഗിച്ച് 25 ലൈറ്റുകളും രണ്ട് മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.

പെരളശ്ശേരി പഞ്ചായത്തിലെ പള്ള്യത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂർ ഭാഗത്തെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു സമാന്തരമായാണ് പുതിയ കോൺക്രീറ്റ് പാലം. ഇത് ഗതാഗതത്തിന് തുറക്കുന്നത്തോടെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തിയുള്ള യാത്രാദൂരവും സമയവും കുറയും. 

ഉദ്ഘാടന പരിപാടിയിൽ പുരാവസ്തു, പുരാരേഖ മ്യൂസിയം രജിസ്ട്രഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി  അധ്യക്ഷനാവും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി
പി.എ മുഹമ്മദ് റിയാസ്,  എം.പിമാരായ
ഡോ. വി. ശിവദാസൻ, അഡ്വ. പി. സന്തോഷ് കുമാർ, കെ സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളാവും. 

കിഫ്ബി ധനസഹായത്തോടെ 19 കോടി രൂപ ചെലവിൽ നിർമിച്ച ചേരിക്കൽ–കോട്ടം പാലത്തിന്റെ നിർമ്മാണ മേൽനോട്ടം വഹിച്ചത് കേരള റോഡ് ഫണ്ട് ബോർഡ്  കണ്ണൂർ ഡിവിഷനാണ്. 225 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലന് ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

 ഇരുഭാഗങ്ങളിലെയും അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയായി.
പാലം യാഥാർഥ്യമാകുന്നതോടെ ചേരിക്കൽ പ്രദേശത്തെ ജനങ്ങൾക്ക് കൂത്തുപറമ്പ്–കണ്ണൂർ റോഡിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും

date