ഉത്തരവാദിത്ത ടൂറിസം എല്ലാ വിഭാഗക്കാർക്കും പ്രാധാന്യം നൽകുന്നത്; ഡോ. പീജ രാജൻ
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ളതാണെന്ന് യു എൻ വുമൺ സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. പീജ രാജൻ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലെ തദ്ദേശദിനാഘോഷം-ഹാപ്പിനസ് ഫെസ്റ്റ് വേദിയിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് അവർ വിശദീകരിച്ചു. സംസ്ഥാനത്ത് പുതിയ നൂറ് ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങൾ, രണ്ട് ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾ എന്നിവയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ലക്ഷ്യങ്ങളെന്നും ഡോ. പീജ രാജൻ പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ ഇൻ ചാർജ് ശ്രീകല ലക്ഷ്മി മോഡറേറ്ററായി. കടലുണ്ടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി അനുഷ, ടൂറിസം സംരംഭകരായ ജിഷ വിനോദ്, ഇ.വി ഹാരിസ്, കുടുംബശ്രീ മെന്റർ ഷുഹാദ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു. എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ ഡി വി അബ്ദുൽ ജലീൽ പങ്കെടുത്തു.
ദ്രവമാലിന്യ സംസ്കരണം, പ്രാദേശിക സാമ്പത്തിക വികസനവും പ്രാദേശിക സർക്കാരും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വരും ദിവസങ്ങളിൽ സെമിനാറുകൾ നടക്കും.
- Log in to post comments