കണ്ണൂർ സയൻസ്പാർക്ക്- ഐ ടി പാർക്കിന് ചൊവ്വാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും
കണ്ണൂർ സയൻസ് പാർക്ക്- ഐ ടി പാർക്കിന് ഫെബ്രുവരി 17ന് വൈകിട്ട് മൂന്നു മണിക്ക് അഞ്ചരക്കണ്ടി ചെറിയവളവിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും.
ധർമ്മടം മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിൽ പടുവിലായി വില്ലേജിലെ കിൻഫ്ര ഏറ്റെടുത്ത 25 ഏക്കർ ഭൂമിയിലാണ് പുതിയ കണ്ണൂർ ഐ ടി പാർക്ക് സ്ഥാപിക്കുക. ഏകദേശം 317 കോടി രൂപ ചെലവിൽ നിർമിക്കുന്ന അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ ഒൻപത് നിലകളാണ് ഉണ്ടാവുക.
ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലുമായി 5000 ചതുരശ്ര അടിയിൽ പ്ലഗ് ആൻഡ് പ്ലേ സ്പേസ്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, ഡേ കെയർ, കോ വർക്കിംഗ് സ്പേസ്, ബാങ്ക് എന്നിവയുണ്ടാവും. ബേസ്‌മെന്റിൽ ഫുഡ് കോർട്ട്, ജിം, സ്പോർട്സ് സെന്റർ, സ്പാ, ക്ലിനിക് എന്നീ സൗകര്യങ്ങളും ബേസ്‌മെന്റിൽ പാർക്കിംഗ് സൗകര്യവും ഒരുക്കും.
മറ്റു നിലകൾ വിവിധ ഐ ടി കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്പന. ഏകദേശം 4000 ത്തോളം പേർക്ക് ഒരേസമയം ജോലി ചെയ്യാനുള്ള സൗകര്യമുള്ള ഐ ടി ടവർ ആണ് നിർമ്മിക്കുക. കേരള സ്റ്റേറ്റ് ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡിനാണ് നിർമ്മാണ പ്രവൃത്തികളുടെ ഏകോപന ചുമതല.
- Log in to post comments