പത്ത് വർഷം കൊണ്ട് നാലര ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി -മന്ത്രി കെ രാജൻ
പത്ത് വർഷക്കാലം കൊണ്ട് നാലര ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ സർക്കാരാണ് കേരളത്തിലേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കം ചെന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പട്ടയ മിഷനിലൂടെ നിരവധിയായ ജനങ്ങളുടെ ആകുലതകൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു. റവന്യൂ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി രേഖകളെല്ലാം സ്മാർട്ട് ആക്കി മാറ്റുകയും, ഡിജിറ്റൽ സർവ്വേയിലൂടെ ഭൂമി ഇടപാടുകളിൽ വലിയ തോതിലുള്ള കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുകയും ചെയ്തു.
വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ മുന്നേറ്റമാണ് സർക്കാർ നടത്തിയത്. ഇതിനോടകം 628 വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും 400 വില്ലേജ് ഓഫീസുകളെ സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ 250 വില്ലേജ് ഓഫീസുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷനായി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്,ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലീംകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments