Skip to main content
സംരംഭകത്വം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യം: മന്ത്രി വി ശിവന്‍കുട്ടി

സംരംഭകത്വം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യം: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കുന്നതില്‍ സംരംഭകത്വത്തിന് നിര്‍ണായക സ്ഥാനമുണ്ടെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് ധര്‍മശാലയില്‍ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവലില്‍ ''സംരംഭകത്വം - സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം'' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനം എന്നത് കേവലം കെട്ടിട നിര്‍മാണത്തിൽ ഒതുങ്ങുന്നതല്ലെന്നും ഓരോ തദ്ദേശ സ്ഥാപനവും ഒരു സാമ്പത്തിക ഹബ്ബായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളും നഗരസഭകളും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പും തൊഴില്‍ വകുപ്പും കൈകോര്‍ത്ത് പുതിയ തലമുറയെ തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ നിന്ന് തൊഴില്‍ ദാതാക്കള്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഈ ദിശയില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റങ്ങള്‍ വലിയ കരുത്താകുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അടിത്തട്ടില്‍ നിന്നുള്ള വികസനമാണ് യഥാര്‍ഥ സന്തോഷം പകരുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കേരളത്തിലെ വ്യാവസായിക അന്തരീക്ഷം സമഗ്രമായി വിലയിരുത്തിയും വെല്ലുവിളികള്‍ മനസ്സിലാക്കിയും പ്രവര്‍ത്തിച്ചതിനാലാണ് ഈ കാലയളവില്‍ സര്‍ക്കാരിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ റിട്ട. ലെഫ്. കമാന്‍ഡര്‍ ഇ.വി സജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി കെ.എസ്.യു.എം നടപ്പാക്കുന്ന 'ഗവ. ആസ് എ കേരള മാര്‍ക്കറ്റ് പ്ലേസ്' പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീനിയര്‍ ടെക്‌നോളജി ഫെലോ വിനീത ജോസഫ് മോഡറേറ്റായി. സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ സംഗീത അഭയ് വിഷയാവതരണം നടത്തി. തളിപ്പറമ്പ് കില പ്രിന്‍സിപ്പല്‍ ഡി.വി അബ്ദുള്‍ ജലീല്‍ പങ്കെടുത്തു.

date