നീതിന്യായ സംവിധാനത്തെ ആധുനിക കാലത്തിന് അനുസൃതമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി പി. രാജീവ്
കേരളത്തിലെ നീതിന്യായ സംവിധാനത്തെ ആധുനിക കാലത്തിന് അനുസൃതമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ - നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആലുവയ്ക്ക് ആധുനിക സൗകര്യങ്ങളുള്ള മനോഹരമായ കോടതി സമുച്ചയം സ്വായത്തമാവുകയാണ്. 37.25 കോടി രൂപയാണ് സർക്കാർ ഈ കോടതി സമുച്ചയത്തിനു വേണ്ടി അനുവദിച്ചത്. നമ്മുടെ കോടതി കെട്ടിടങ്ങളിൽ, ആധുനിക സ്വഭാവങ്ങൾക്കനുസരിച്ച് വർദ്ധിച്ചു വരുന്ന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സൗകര്യങ്ങൾ ഉണ്ടാകണം എന്നതാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. എറണാകുളം ജില്ലയിൽ പ്രത്യേകമായി, മിക്കവാറും എല്ലാ കോടതികൾക്കും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കോടതികളുടെ സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ കേസുകൾ തീർപ്പാക്കുന്നതിന് വേഗത കൂടും.
കേസുകൾ തീർക്കുന്നതിലും കേരളം ഇന്ത്യക്ക് മാതൃകയായി മാറുന്നുണ്ട്. അത് തുടരാൻ കഴിയണം. കൊച്ചിയിൽ ജുഡീഷ്യൽ സിറ്റി യാഥാർത്ഥ്യമാക്കുന്നതിനായി ആയിരം കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഭിഭാഷക ക്ഷേമനിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷത്തിലേക്ക് ഉയർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രണ്ട് കടമ്പകൾ കൂടി കടന്നാൽ അത് നിയമമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ 8001 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ വിവിധ നിലകളിലായി അത്യാധുനിക സൗകര്യങ്ങളുടെയാണ് കോടതി സമുച്ചയം ഒരുക്കുന്നത്.
ശിലാസ്ഥാപന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷനായി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് ഹണി. എം. വർഗീസ്, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. എം സെൽമത്ത്, ആലുവ ഫാമിലി കോർട്ട് ജഡ്ജ് വി.ജി അനുപമ, ആലുവ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എൻ ഉണ്ണികൃഷ്ണൻ, കേരള ബാർ കൗൺസിൽ അംഗം അഡ്വ. കെ.കെ നാസർ, ആലുവ അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി രാജൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ വി.പി സിന്റോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
- Log in to post comments