കേരളത്തെ വ്യവസായ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു: മന്ത്രി പി. രാജീവ്
കേരളത്തെ വ്യവസായ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞുവെന്ന് നിയമ കയർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഈസ്റ്റ് കടുങ്ങല്ലൂർ എൽ.പി സ്കൂളിൽ 2.34 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളുകളിൽ ജലജന്യരോഗങ്ങൾ വന്നതിനെത്തുടർന്ന് ശുദ്ധജലം ലഭ്യമാക്കുന്നതിനായി റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ സ്ഥാപിച്ചു. കളമശേരി മണ്ഡലത്തിലെ 41 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മൂന്നുകോടി രൂപ ചെലവഴിച്ചാണ് റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ സ്ഥാപിച്ചത്. 500 ലിറ്റർശേഷിയുള്ള ടാങ്കുകൾ ഓരോ സ്കൂളിലും സ്ഥാപിക്കാൻ കഴിഞ്ഞു.
കളമശ്ശേരിയിലെ വിവിധ സ്കൂളുകൾക്കായി ഇതിനകം തന്നെ വലിയ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. അതിനൊപ്പമാണ് പുതിയ സ്കൂൾ കെട്ടിടത്തിന് 2 കോടി രൂപ കൂടി അനുവദിച്ചത്. കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് , സ്റ്റേജ്, ക്ലാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. അതിവേഗത്തിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിം കുമാർ അധ്യക്ഷയായി. ജനപ്രതിനിധികൾ, പി ടി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments