ജില്ലാതല അറിയിപ്പുകള്‍
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കൈപ്പക്കയില്‍ മൊട്ട പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടുമണി മുതല്‍ രാവിലെ പത്തുമണി വരെയും കൊയ്യോട്ടുപാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ചെമ്മാടം സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
കെ.എസ്.ആര്‍.ടി.സി നെല്ലിയാമ്പതി യാത്ര
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ നെല്ലിയാമ്പതി യാത്ര സംഘടിപ്പിക്കുന്നു. കല്‍പ്പാത്തി, സീതാര്‍കുണ്ഡ്, ഓറഞ്ച് ഫാം, മലമ്പുഴ ഡാം, അഹല്യ ഹെറിറ്റേജ് വില്ലേജ്, പോത്തുണ്ടി ഡാം, കേശവന്‍ പാറ എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ലിയാമ്പതിയിലാണ് താമസ സൗകര്യം. ഫെബ്രുവരി 27 ന് രാത്രി ഒന്‍പത് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.
പന്നിവളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 23, 24 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ചുമണി വരെ പന്നി വളര്‍ത്തലില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 21 ന് വൈകീട്ട് നാല് മണിക്കകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് ക്ലാസ്സില്‍ പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ തെക്കീബസാറില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497-2763473
നിയമനം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു. എം എസ് ഡബ്ല്യു/ സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള 25 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 30 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2348666
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍
അസാപ് പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എന്‍ സി വി ഇ ടി അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ വാരാന്ത്യ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 540 മണിക്കൂറാണ് കോഴ്സിന്റെ കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999712
- Log in to post comments