Skip to main content

കില സ്റ്റേഡിയം, സ്പോർട്സ് കോംപ്ലക്‌സ് നിർമാണോദ്‌ഘാടനം 19ന്‌

 

തളിപ്പറമ്പ്‍ കിഫ്‌ബി രജതജൂബിലി വർഷത്തിൽ കരിമ്പം കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെയും  സ്പോർട്സ് കോംപ്ലക്‌സിന്റെയും നിർമാണോദ്‌ഘാടനം ഫെബ്രുവരി 19ന്‌ വൈകിട്ട്‌ നാലിന്‌ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനാകും. 

45 കോടി രൂപ ചെലവിലാണ്‌ സ്റ്റേഡിയവും  സ്പോർട്സ് കോംപ്ലക്‌സും നിർമിക്കുന്നത്‌. രണ്ടുവർഷത്തിനകം സ്‌റ്റേഡിയം  പ്രവർത്തനസജ്ജമാകും. കില കാമ്പസിൽ നിർമിക്കുന്ന അക്കാദമിക് കോളേജിനോട്‌ ചേർന്ന പത്ത്‌ ഏക്കറിലാണ്‌ സ്‌റ്റേഡിയം നിർമിക്കുന്നത്‌. ഇതിനായി മണ്ണ്‌ നീക്കുന്ന പണി നേരത്തെ ആരംഭിച്ചിരുന്നു. സ്റ്റേഡിയത്തിൽ രാജ്യാന്തര മത്സരങ്ങൾക്കുള്ള ഫുട്‌ബോൾ സ്‌റ്റേഡിയം, എട്ടു ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ ഗ്യാലറി, ഇൻഡോർ സ്‌റ്റേഡിയം, കായിക താരങ്ങൾക്ക്‌ വിശ്രമിക്കാനും താമസിക്കാനും സ‍ൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് –ഹോസ്‌റ്റൽ ബ്ലോക്ക് എന്നിവയുമുണ്ടാകും. സ്‌റ്റേഡിയത്തിന്‌ ചുറ്റും  ഫ്ലഡ്‌ലിറ്റുകളും സ്ഥാപിക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്‌കെഎഫ്‌) മേൽനോട്ടത്തിലാകും നിർമാണം. 
അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയവും സ്‌പോർട്‌സ്‌ കോംപ്ലക്‌സും  ഒരുങ്ങുന്നതോടെ സംസ്ഥാന കായിക ഭൂപടത്തിലും തളിപ്പറമ്പ് ഇടംപിടിക്കും. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ മുൻകൈയിൽ സ്‌റ്റേഡിയങ്ങൾ സജ്ജമാകുന്നുണ്ട്‌.   11.7 കോടിരൂപയാണ്‌  വിവിധ സ്‌റ്റേഡിയങ്ങൾക്കായി അനുവദിച്ചത്‌.

date