അഗ്രോമാൾ ജില്ലയുടെ കാർഷിക തലസ്ഥാനമാകും: മന്ത്രി പി പ്രസാദ്
അഗ്രോമാൾ ജില്ലയുടെ കാർഷിക തലസ്ഥാനവും കാർഷിക മേഖലയുടെ കേന്ദ്രബിന്ദുവുമാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ) നിർമ്മാണോദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടനാട് പോലെ കൃഷിക്ക് ഏറ്റവും പ്രാധാന്യമുള്ള ഒരിടത്ത് തന്നെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുമെത്തണം എന്ന ലക്ഷ്യത്തിലാണ് ആലപ്പുഴ നഗരത്തിൽ അഗ്രോമാൾ സ്ഥാപിക്കുന്നത്. കർഷകർക്കുള്ള സേവനങ്ങൾ ഏറ്റവും ഫലപ്രദമായും വേഗത്തിലും ലഭിക്കണമെന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളെയും വിപണന സ്ഥലങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ കർഷകരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ കൃഷിയുടെ ഭാവിയെ അതീവ ഗൗരവത്തോടെയാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. 23569 കൃഷിക്കൂട്ടങ്ങൾ കേരളത്തിലുണ്ടെന്നും കേന്ദ്രസർക്കാരിന്റെ ഇക്കണോമിക് സർവ്വേയിൽ കേരളത്തിന്റെ മികവ് രണ്ട് തവണ അഭിനന്ദനാർഹമായെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ സംരംഭകർക്കായുള്ള ധനസഹായങ്ങൾ വളരെ വേഗത്തിലാണ് നൽകുന്നത്. 2026 ലെ ബിസിനസ് ടു ബിസിനസ് മീറ്റിൽ രാജ്യത്തിന് പുറത്തുനിന്ന് വരെയുള്ള യുവസംരംഭകർ പങ്കെടുത്തു. 119 കരാർ ഒപ്പുവെച്ചതിലൂടെ 349 കോടി രൂപയുടെ ബിസിനസാണ് ലഭ്യമായതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ കർഷക പാർലമെന്റിന് തുടക്കം കുറിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. കേരളത്തിന്റെ ഉത്പാദന മേഖലയിൽ മികച്ച വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും കൃഷിവകുപ്പിന് കൃത്യതയോടെയും ശാസ്ത്രീയമായും മുന്നോട്ടുപോകാൻ കരുത്ത് പകരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
കരപ്പുറം, കുട്ടനാട്, ഓണാട്ടുകര തുടങ്ങി സമസ്ത മേഖലകളിലുള്ള കർഷകർക്കും പ്രയോജനപ്രദമാകുന്ന തരത്തിൽ ജില്ലയുടെ കാർഷിക വികസനത്തിന് നാഴികക്കല്ലാവുന്ന പദ്ധതിയാണ് അഗ്രോമാൾ. പുന്നപ്ര വടക്ക് പഞ്ചായത്തിലെ കളർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ആത്മ ഓഫീസിനോട് ചേർന്നാണ് കാർഷിക അനുബന്ധ പ്രവൃത്തികൾക്കായുള്ള കേന്ദ്രീകൃത ഓഫീസ് സമുച്ചയം ഒരുങ്ങുന്നത്. റീജയണൽ സോയിൽ അനലറ്റിക്കൽ ലാബ്, സോയിൽ സർവ്വേ, ജില്ലാ സോയിൽ ടെസ്റ്റിങ് ലാബ്, ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റ്, പുന്നപ്ര കൃഷി ഭവൻ, മൊബൈൽ സോയിൽ ടെസ്റ്റിങ് ലാബ്, സമുദ്രനിരപ്പിനു താഴെയുള്ള കൃഷിക്കായുള്ള അന്താരാഷ്ട്ര പരിശീലന ഗവേഷണ കേന്ദ്രം, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസ്, കെ.എൽ.ഡി.സി ഓഫീസ്, സംസ്ഥാന വിത്ത് പരിശോധനാ കേന്ദ്രം, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ ഓഫീസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. കൂടാതെ കൊമേഴ്സ്യൽ ഏരിയ, അഗ്മാർക്ക് ലാബ്, കുട്ടനാട് എഫ്.എം റേഡിയോ, പുറക്കാട് കരിനില വികസന ഓഫീസ് എന്നിവയും ഈ സമുച്ചയത്തിൽ പ്രവർത്തിക്കും.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ആർ രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേം ഭാസി, കെ എഫ് ലാൽജി, ഗ്രാമപഞ്ചായത്ത് അംഗം ആർ നാരായണൻ, കെ എൽ ഡി സി എം.ഡി പി കെ ശാലിനി, കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ, കെ എൽ ഡി സി കൺസ്ട്രക്ഷൻ എൻജിനീയർ ടി ദിനേശൻ, ജില്ലാ കൃഷി ഓഫീസർ വി പി സിന്ധു, കൃഷി അസിസ്റ്റന്റ് എൻജിനീയർ ഷൈനി ലൂക്കോസ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments