റവന്യൂ വകുപ്പിനെ കാലോചിതമായി പരിഷ്കരിച്ചു: മന്ത്രി കെ രാജൻ
കാലോചിതമായ പരിഷ്കാരങ്ങളിലൂടെ റവന്യൂ വകുപ്പിനെ കൂടുതൽ പൊതുജനസൗഹൃദമാക്കി മാറ്റിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മേലില സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആയിരത്തോളം വില്ലേജ് ഓഫീസുകളെ സ്മാർട്ട് ആക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 622 സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിച്ചു. വകുപ്പിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ വില്ലേജ്തല ജനകീയ സമിതികളും രൂപീകരിച്ചു. സേവനങ്ങൾ ഓൺലൈൻ ആക്കിയതോടെ പ്രവർത്തനങ്ങൾക്ക് വേഗം കൂടുകയും പ്രവാസികൾക്ക് ഉൾപ്പെടെ ഇടനിലക്കാരില്ലാതെ സേവനങ്ങൾ ലഭ്യമാക്കാനുമായി. കഴിഞ്ഞ 10 വർഷത്തിനിടെ പട്ടയ മിഷനിലൂടെ 4.5 ലക്ഷം ഭൂരഹിതരെ ഭൂവുടമകളാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളും വിപുലമായ പശ്ചാത്തല സൗകര്യങ്ങളോടെ നവീകരിക്കാൻ കഴിഞ്ഞതായി അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഓൺലൈൻ സർവീസുകൾ ലഭ്യമാകുന്ന കിയോസ്ക്കുകളും മേലില സ്മാർട്ട് വില്ലേജ് ഓഫീസിൽ സജ്ജമാണ്. കല്ലട ഇറിഗേഷൻ്റെ പുറമ്പോക്കിൽ താമസിക്കുന്ന 700ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുനതിനുള്ള നടപടികളിലാണ്. കമുകുംചേരി ദേവസ്വം പ്രദേശത്ത് 75 പട്ടയങ്ങൾ വിതരണം ചെയ്യുന്നതും കാലതാമസമില്ലാതെ നടപ്പിലാക്കാനാകുമെന്നും അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ജില്ലാ കലക്ടർ എൻ ദേവിദാസ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദുലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സൂസൻ തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽ എസ് ജോയി, എബി ഷാജി, ബി അജിത്കുമാർ, വി ആർ ജ്യോതി, ലിബു തോമസ്, മിനി ഷിജോ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ താരാ സജികുമാർ, പി ശ്രീജ, എ ഡി എം ജി നിർമൽകുമാർ, പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ജി സുരേഷ് ബാബു, കൊട്ടാരക്കര തഹസിൽദാർ ജി മോഹനകുമാരൻ നായർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments