ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി: എസ്.ആർ.വി സ്കൂളിൽ ഒരു കോടി രൂപയുടെ ഫുട്ബോൾ ടർഫ് നിർമ്മാണത്തിന് തുടക്കം
സംസ്ഥാന സർക്കാരിൻ്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി എസ്.ആർ.വി സർക്കാർ സ്കൂളിൽ നിർമ്മിക്കുന്ന അത്യാധുനിക ഫുട്ബോൾ ടർഫിന്റെ നിർമ്മാണോദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് ടർഫ് നിർമ്മിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ചുമതല സ്പോർട്സ് കേരള ഫൗണ്ടേഷനാണ്.
ദീർഘകാലമായി കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിട്ടിരുന്ന എസ്.ആർ.വി സ്കൂളിന് പദ്ധതി വലിയൊരു മുതൽക്കൂട്ടാകും. സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും മികച്ച ഗുണനിലവാരമുള്ള കായിക സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.
സൗകര്യങ്ങളുടെ അഭാവം മൂലം ഇതുവരെ മതിയായ പരിശീലന സൗകര്യങ്ങൾ ലഭിക്കാതിരുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പദ്ധതി വലിയ ആത്മവിശ്വാസം നൽകുന്നതോടൊപ്പം സംസ്ഥാന-ദേശീയ തലങ്ങളിൽ മത്സരിക്കാവുന്ന കായിക താരങ്ങളെ വളർത്താനുള്ള വേദിയുമാകും.
ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണൻകുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽമാരായ എ.എൻ ബിജു, ജിൻസി ജോസഫ്, ഹെഡ്മിസ്ട്രെസുമാരായ പി പി സജിനി, ടി കെ സീമ, പി.ടി.എ പ്രസിഡന്റ് ജോർജ് ആൻ്റണി,
സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments