Skip to main content

പൊളിയാണ് കോമളപുരം സ്പിന്നിങ് മിൽ; വേറിട്ട വിജയകഥയുടെ പുതിയ ഔട്ട് ലെറ്റ് തുറന്ന് മുന്നോട്ട്

*ഫാക്ടറിയിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാൻ 550 ചതുരശ്ര അടിയിലാണ് ഔട്ട് ലെറ്റ് ഒരുങ്ങുന്നത്

അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് തിരിച്ചുവന്ന് വലിയ വിജയം നെയ്തെടുത്ത ജില്ലയിലെ പൊതുമേഖലാസ്ഥാപനമായ കോമളപുരം സ്പിന്നിങ് മില്ലിങ്ങിൽ പുതിയ ഔട്ട് ലെറ്റ് തുറക്കുന്നു. മില്ലിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള തുണിത്തരങ്ങൾ ഫാക്ടറിയിൽ നിന്ന് ജനങ്ങൾക്ക് നേരിട്ട് വാങ്ങാൻ സൌകര്യം ഒരുക്കുന്നതിനാണ് പുതിയ ഔട്ട് ലെറ്റ് തുറക്കുന്നത്.  സ്പിന്നിംഗ് മില്ലിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ഔട്ട് ലെറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. 550 ചതുരശ്ര അടിയിൽ മനോഹരമായി സജ്ജീകരിച്ച കെട്ടിടത്തിലാണ് വിപണന കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഷർട്ട് പീസുകൾ, ദോത്തി, പുതപ്പ്, സഞ്ചി, മാസ്ക് തുടങ്ങി നിത്യവും ഉപയോഗിക്കാവുന്ന വിവിധ തുണിയുൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. ഗുണമേന്മ ഉറപ്പുവരുത്തിയ ഉത്പന്നങ്ങൾ കുറഞ്ഞ വിലക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഒട്ട് ലെറ്റ് ആരംഭിക്കുന്നത്. 20 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ സൌകര്യം യാഥാർത്ഥ്യമാകുന്നത്.

ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന മിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ തിരിച്ചുവരുകയായിരുന്നു.  ഇപ്പോൾ തുടർച്ചയായി 30 കോടിയിലധികം രൂപയുടെ വാർഷിക വിറ്റുവരവ് നേടുന്ന നിലയിലേക്ക് ഈ പൊതുമേഖല സ്ഥാപനം വളർന്നു കഴിഞ്ഞു. 
കുടുംബശ്രീ യൂണിറ്റുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർക്കുള്ള യൂണിഫോമുകൾ നിലവിൽ കോമളപുരം സ്പിന്നിങ് മില്ലിൽ നിർമ്മിച്ച് നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കാക്കി യൂണിഫോമിനുള്ള തുണി നെയ്യുന്നതും ഇവിടെ നിന്നാണ്. കൂടാതെ സംസ്ഥാനത്തെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് ആവശ്യമായ നൂൽ കൈത്തറി സംഘങ്ങൾക്ക് നൽകുന്നതും ഇന്ന് കോമളപുരം മില്ലാണ്. ‘ഗ്രീൻഫീൽഡ്’ എന്ന സ്വന്തം ബ്രാൻഡിൽ ഷർട്ടുകൾ, മുണ്ടുകൾ, ബെഡ്ഷീറ്റ്, ചുരിദാർ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കോമളപുരം സ്പിന്നിംഗ് മിൽ വസ്ത്ര വിപണന രംഗത്തും പുതിയ അധ്യായം തുറന്നുകഴിഞ്ഞു.  

പുതിയ ഔട്ട് ലെറ്റ് ആരംഭിക്കുന്നതോടെ നാട്ടുകാർക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ നേരിട്ട് ലഭിക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 

date