Skip to main content

കണിച്ചുകുളങ്ങര ശ്രീനാരായണ ഗുരു ഇൻഡോർ സ്റ്റേഡിയം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ശ്രീനാരായണ ഗുരു ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. 

എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഇൻഡോർ സ്റ്റേഡിയമാണ് നാടിന് സമർപ്പിക്കുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 പി. പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ​വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയതെന്നും ആലപ്പുഴ മണ്ഡലത്തിൽ മാത്രം സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി 148 കോടി രൂപയോളം സർക്കാർ ചെലവഴിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. 

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായി.

​സ്പോർട്സ് കേരള എക്സിക്യൂട്ടീവ് എൻജിനീയർ എസ്. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്പോർട്സ് ഡയറക്ടർ വിഷ്ണുരാജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത്   വൈസ്   പ്രസിഡന്റ് രമ്യ സുനിൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

​ആലപ്പുഴ മണ്ഡലത്തിലെ കണിച്ചുകുളങ്ങര ശ്രീനാരായണഗുരു ഇൻഡോർ സ്റ്റേഡിയം പ്രവൃത്തിയ്ക്കായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 4.76 കോടി രൂപയ്ക്ക് സ്പോർട്‌സ് കേരള ഫൗണ്ടേഷൻ സാങ്കേതികാനുമതി നൽകുകയും ടെൻഡർ നടപടികൾക്ക് ശേഷം 4.29 കോടി രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. പി.ഇ.ബി ഇൻഡോർ മൾട്ടി പർപ്പസ് കോർട്ട്, ഓഫീസ് കെട്ടിടം, കോൺഫറൻസ് ഹാൾ, ഫിറ്റ്നസ് സെൻ്റർ, മൂന്നു നിലകളിലുമായി സ്ത്രീകൾക്കും പുരുഷന്മാർക്കുമായുള്ള പ്രത്യേക ടോയ്‌ലറ്റ് / ചെയ്ഞ്ച് റൂം സംവിധാനം, ഇലക്ട്രിഫിക്കേഷൻ എന്നീ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

date