ക്യാമ്പസുകളുടെ അടിസ്ഥാന സൗകര്യവികസനത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ചു: മന്ത്രി ഡോ.ആർ ബിന്ദു
ക്യാമ്പസുകളുടെ അടിസ്ഥാന സൗകര്യ വിപുലീകരണ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
പയ്യന്നൂരിലെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ നിർമാണം പൂർത്തീകരിച്ച വനിതാ ഹോസ്റ്റലിന്റെയും സയന്റിഫിക് ഇൻസ്ട്രമെന്റെഷൻ സെൻ്ററിൻ്റേയും കേരള നെറ്റ്വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ കേന്ദ്രത്തിൻറെ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് റിസർച്ച് ലാബിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ അന്തർദേശീയ ഗുണനിലവാര പരിശോധകളിലെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ സർവ്വകലാശാലകർക്കും കലാലയങ്ങൾക്കും സാധിച്ചെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിൽ നടന്ന പരിപാടിയിൽ എം വിജിൻ എം എൽ എ അധ്യക്ഷനായി. സ്റ്റേറ്റ് പ്ലാൻ ഫണ്ടിന്റെ സഹായത്തോടെ സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ഹോസ്റ്റൽ പദ്ധതി 12.50 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് ആരംഭിച്ചത്. മൂന്ന് നിലകളിലായി 100 ബെഡ് സൗകര്യത്തോടെ ഏകദേശം 2000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. 1143 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ളതാണ് സയന്റിഫിക് ഇൻസ്ട്രുമെന്റേഷൻ സെന്റർ.
പരിപാടിയിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ടി അമ്പു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിജയൻ അടുക്കാടൻ, വാർഡ് അംഗംരമ മോഹൻ, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി സജിത് കുമാർ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നന്ദജ് ബാബു, രജിസ്ട്രാർ ഡോ. ജോബി കെ ജോസ്, വർക്സ് ആൻഡ് പ്ലാനിംഗ് സ്റ്റാൻഡിങ് കമ്മറ്റി കൺവീനർ എ അശോകൻ എന്നിവർ പങ്കെടുത്തു.
- Log in to post comments