Skip to main content

പൊന്ന്യത്തങ്കത്തട്ടിൽ കളരിയാവേശം  തീപ്പൊരി ചിതറി; കാഴ്ചക്കാരനായി  മുഖ്യമന്ത്രി 

 

ഉറുമിയും വാളും പരിചയും വായുവിൽ തീർത്ത വേഗതയും തീപ്പന്ത പയറ്റത്തിൻ്റെ രൗദ്രതയും പൊന്ന്യത്തങ്കത്തട്ടിൽ ആവേശം വിതറി. എല്ലാം കണ്ണിമ ചിമ്മാതെ കണ്ട്  ആവേശം പകർന്ന് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. 
പൊന്ന്യത്തങ്കത്തിന്റെ നാലാം ദിവസമാണ്  ഏഴരക്കണ്ടത്തിലെ കാഴ്ചക്കാരെ ആവേശത്തിമിർപ്പിലാഴ്ത്തി മുഖ്യമന്ത്രി എത്തിയത്. വാൾപ്പയറ്റും ചെറുകോൽപ്പയറ്റും പന്തപ്പയറ്റും ദ്വന്ദ്വയുദ്ധവും കണ്ട്  അരമണിക്കൂറിലേറെ സമയം കളരി ആസ്വദിച്ചാണ്  മുഖ്യമന്ത്രി മടങ്ങിയത്. 
 പൊന്ന്യത്തങ്കത്തിന്റെ നാലാം ദിവസം നടന്ന  സംസ്‍കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി,  പൊന്ന്യത്തങ്കം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതായി പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും  ആളുകൾ കൂടി വരികയാണ്. നല്ല രീതിയിൽ ഇത് മെച്ചപ്പെടും എന്ന് തന്നെയാണ് ഇതിൻ്റെ ആരംഭകാലത്തു തന്നെ കരുതിയത്. വരുന്ന വർഷങ്ങളിലും ഇത് കൂടുതൽ മെച്ചപ്പെട്ടു വരട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ അധ്യക്ഷനായി. ചടങ്ങിൽ തലശ്ശേരി എഞ്ചിനിയറിംഗ് കോളേജും കേരള പ്രൊഫഷണൽ നെറ്റ്‌വർക്കും സംയുക്തമായി രൂപകൽപന ചെയ്ത പൊന്ന്യത്തങ്കത്തിന്റെ മാതൃകയിലുള്ള ഗെയിംസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി  നിർവഹിച്ചു.
തുടർന്ന് അങ്കത്തട്ടിൽ  പൊന്ന്യം കതിരൂർ ഗുരുക്കൾ സ്മാരക കളരി, കൊയിലാണ്ടി അൽ മുബാറക് കളരി, ദുബായ് കളരി ക്ലബ് എന്നിവ അവതരിപ്പിച്ച കളരി അഭ്യാസ പ്രകടനവും കൈകൊട്ടിക്കളിയും കലാമത്സരമായി നാടോടി നൃത്തവും അരങ്ങേറി.  ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ 'താംഗ് അഹം യനബ', സച്ചിൻ വാരിയരുടെയും ലിബിൻ സ്‌കറിയയുടെയും ലൈവ് ഷോ എന്നിവയും അരങ്ങേറി.

കേരള ഫോക് ലോർ അക്കാദമി മുൻ വൈസ് ചെയർമാൻ കെ വി കുഞ്ഞിരാമൻ, 
കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി സുജയ,എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കാട്യത്ത് പ്രകാശൻ, റബ്ക്കോ ചെയർമാൻ കാരായി രാജൻ, സംഘാടകസമിതി ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ,സി എൻ ചന്ദ്രൻ, സി കെ രമേശൻ,എം സി പവിത്രൻ, എ കെ ഷിജു,കെ സുഗീഷ്, തുടങ്ങിയവർ പങ്കെടുത്തു.

date