പത്തു വർഷത്തെ പ്രവർത്തന നേട്ടങ്ങളുമായി ഹരിതകേരളം മിഷൻ
സാമൂഹ്യസുരക്ഷയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും എന്ന പോലെ പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയത്. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സുസ്ഥിതി ഉറപ്പാക്കുന്നതിനായി ‘വെള്ളം, വൃത്തി, വിളവ്’ എന്ന ലളിതമായ മുദ്രാവാക്യമുയർത്തി 2016 ൽ സംസ്ഥാന സർക്കാർ തുടക്കമിട്ട ഹരിതകേരളം മിഷനെന്ന ജനകീയ പദ്ധതി ഇന്ന് കേരളത്തിന്റെ പരിസ്ഥിതി ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അടയാളപ്പെടുത്തിയിരിക്കുകയാണ്. ജലസംരക്ഷണം, ശുചിത്വ-മാലിന്യസംസ്കരണം, കൃഷിഎന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഉപമിഷനുകൾ ചേർന്നതാണ് ഹരിത കേരളം മിഷൻ. ഒരു സർക്കാർ പദ്ധതി എന്നതിലുപരി, വിവിധ വകുപ്പുകളെയും ഏജൻസികളെയും തദ്ദേശഭരണകൂടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഏകോപന സംവിധാനമായാണ് പ്രായോഗിക തലത്തിൽ ഹരിതകേരളം മിഷൻ പ്രവർത്തിക്കുന്നത്. ഭൂമിയെ പച്ചപ്പിലേക്കും ജലാശയങ്ങളെ തെളിനീരിലേക്കും തിരികെ നയിക്കുന്ന പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഈ മാതൃക കേരളത്തിന്റെ അതിജീവനത്തിന്റെ അടയാളം കൂടിയാണ്.
കഴിഞ്ഞ ഒരു ദശകത്തിലെ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളെ വിലയിരുത്തുകയാണെങ്കിൽ ബോധവൽക്കരണമെന്നതിലുപരി പ്രകടമായ ഗുണഫലങ്ങൾ സൃഷ്ടിച്ച് പ്രായോഗിക തലത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് കൂടുതൽ ശ്രദ്ധനേടിയത്. ജലസംരക്ഷണം മുൻനിർത്തി നടത്തിയ ജലമാണ് ജീവൻ, ഇനി ഞാനൊഴുകട്ടെ തുടങ്ങിയ ക്യാമ്പയിനുകൾ ഈ മേഖലയിൽ സൃഷ്ടിച്ച മാറ്റങ്ങൾ ശ്രദ്ധേയമായി. ഒരുകോടി വൃക്ഷത്തൈകൾ നടാൻ ലക്ഷ്യമിട്ടു നടത്തിയ 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ പരിപാടി ലക്ഷ്യം കടന്നു മുന്നേറി. ആവർത്തിച്ചു ശുചിയാക്കിയതുൾപ്പെടെ 100988 കി.മീ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചു. 6090 പുതിയ കുളങ്ങൾ നിർമ്മിച്ചു. 1013 സ്ഥിരം തടയണകളും 86716 താൽക്കാലിക തടയണകളും നിർമ്മിച്ചു. 10750 കിണറുകൾ റീചാർജ്ജു ചെയ്തു. 20148 കിണറുകൾ നിർമ്മിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളോട് ചേർന്നുള്ള 230 ഗ്രാമപഞ്ചായത്തുകളിലെ നിർച്ചാലുകളുടെ ശാസ്ത്രീയ മാപിംഗ് പൂർത്തിയാക്കി. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബിനോടു ചേർന്ന് ജലഗുണനിലവാര പ്രാഥമിക പരിശോധനയ്ക്കായി 335 ലാബുകൾ സ്ഥാപിച്ചു. ഈ ലാബുകളിൽ ഇതുവരെ 50000 ലധികം ജലസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ തയ്യാറാക്കിയ ജലബജറ്റ് ദേശീയ ശ്രദ്ധനേടി. 706 തദ്ദേശ സ്ഥാപനങ്ങളിൽ ജലബജറ്റ് തയ്യാറായി. ജലജന്യരോഗ പ്രതിരോധം മുൻനിർത്തി സംസ്ഥാനത്തെ 85 ശതമാനം കിണറുകളിൽ ക്ലോറിനേഷൻ നടത്തി.
ഖരമാലിന്യ നിർമ്മാർജ്ജനത്തിന് സർക്കാർ സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് നേതൃത്വം വഹിച്ചതും ഹരിതകേരളം മിഷനാണ്. 358 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. 3570 ഗ്രന്ഥശാലകൾ ഹരിത ഗ്രന്ഥശാല പദവി നേടി. 2050 ഓടെസംസ്ഥാനത്തെ നെറ്റ് സിറോ കാർബൺ അവസ്ഥയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിൻ ആശാവഹമായി പുരോഗമിക്കുകയാണ്. 1348 ഏക്കർ സ്ഥലത്തായി 4304 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. 17 ഗ്രാമപഞ്ചായത്തുകളെ തരിശുരഹിത ഗ്രാമമായും 2174 വാർഡുകളെ ഹരിത സമൃദ്ധി വാർഡുകളായും പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥിനികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാനിറ്ററി മാലിന്യം സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയും പൂരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാണ് എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കിയത്.
കഴിഞ്ഞ പത്തുവർഷങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കിയ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സമ്മേളനം 23 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും.മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ,പി. പ്രസാദ്, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ഫെബ്രുവരി 25 ഉച്ചയ്ക്ക് 2.30 ന് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, പരിസ്ഥിതി മേഖലയിലെ വിദഗ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.
കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ്സീറോ കാർബൺ കേരളം, ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകൾ, മനുഷ്യ വന്യമൃഗ സംഘർഷം, പരിസ്ഥിതിയും മാധ്യമങ്ങളും, കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും, ദുരന്തസാധ്യതാ മേഖലകളും ദുരന്തനിവാരണ പ്രവർത്തനങ്ങളും, ജലബജറ്റിംഗ്, വായു-ജല ഗുണനിലവാരം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണം, പാനൽ ചർച്ച, വിദഗ്ധരുടെ പ്രതികരണങ്ങൾ തുടങ്ങിയവയുമുണ്ട്.
രണ്ട് സമാന്തരവേദികളിലായി നടക്കുന്ന 18 സെഷനുകളിൽ 73 പ്രബന്ധാവതരണങ്ങൾ നടക്കും. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഇതോടൊപ്പം ഉണ്ടാകും. ഫെബ്രുവരി 23 മുതൽ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ വിഷയമാക്കി അൻപതിലധികം സ്റ്റാളുകളിലായി പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശനം കാണാനെത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. ദേശീയ തലത്തിലെ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാവിപ്രവർത്തനങ്ങളെ സംബന്ധിച്ച ശുപാർശകൾ സർക്കാരിന് സമർപ്പിക്കും.
പി.എൻ.എക്സ്. 782/2026
- Log in to post comments