Skip to main content
കാന്‍സര്‍ ചികിത്സയില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍: പുതിയ ആശയങ്ങള്‍ പങ്കുവച്ച് ശാസ്ത്ര സെമിനാര്‍ 

കാന്‍സര്‍ ചികിത്സയില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍: പുതിയ ആശയങ്ങള്‍ പങ്കുവച്ച് ശാസ്ത്ര സെമിനാര്‍ 

 

ആയുര്‍വ്വേദ അലോപ്പതി ചികിത്സകളുടെ അതിരുകള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത് ശാസ്ത്ര സെമിനാര്‍. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'എക്‌സ്പാന്‍ഡിങ് ദി ഫ്രോണ്ടിയേഴ്സ് മെയിന്‍സ്ട്രീമിങ് ആയുര്‍വ്വേദം ഇന്‍ കാന്‍സര്‍ കെയര്‍' ആയുര്‍വേദ കോണ്‍ഫറന്‍സാണ് ആയുര്‍വേദത്തിന്റെ പുത്തന്‍ സാധ്യതകള്‍ തുറന്നത്. കാന്‍സര്‍ ചികിത്സയില്‍ അലോപ്പതിയും ആയുര്‍വേദവും യോഗയും സംയോജിതമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഇതിലൂടെ രോഗികളുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ എങ്ങനെ കുറച്ചുകൊണ്ടുവരാമെന്നും സെമിനാര്‍ ചര്‍ച്ച ചെയ്തു. ആയുര്‍വേദത്തിലെ ഗവേഷണങ്ങളും വിപണി സാധ്യതയും പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ആയുര്‍വേദത്തിന് അനുകൂലമായ ഇക്കോസിസ്റ്റം രൂപപ്പെടുത്താമെന്നതിലും ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നു. 

ഉദ്ഘാടന സെഷനില്‍ എം.എല്‍.എ മാരായ കെ.കെ.ശൈലജ ടീച്ചര്‍, കെ.വി.സുമേഷ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഗോബ്രഗഡേ, ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ.സജിത് ബാബു എന്നിവര്‍ സംസാരിച്ചു. 

കാന്‍സര്‍ ചികിത്സയില്‍ സംയോജിത ചികിത്സാ നയം രൂപീകരിക്കണം: ഡോ.സദാനന്ദ് പ്രഭാകര്‍ സര്‍ദേശ് മുഖ്

മുഖ്യധാരാ ചികിത്സയില്‍ ആയുര്‍വേദവും അലോപ്പതിയും യോജിപ്പിച്ച് സംയോജിത ചികിത്സാ നയം രൂപീകരിക്കേണ്ടതുണ്ടെന്ന് പൂനെ ആസ്ഥാനമായ കാന്‍സര്‍ ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ.സദാനന്ദ് പ്രഭാകര്‍ സര്‍ദേശ് മുഖ് അഭിപ്രായപ്പെട്ടു. കാന്‍സര്‍ ചികിത്സയില്‍ ആയുര്‍വേദ ചികിത്സയുടെ സാധ്യതകളെക്കുറിച്ചുള്ള ശാസ്ത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ ചികിത്സയിലൂടെ നിരവധി കാന്‍സര്‍ രോഗികളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ആയുവേദ ചൂര്‍ണ്ണങ്ങളും പഞ്ചകര്‍മ്മ ചികിത്സയും ഗര്‍ഭാശയ, പ്രൊസ്റ്റേറ്റ് കാന്‍സര്‍ ചികിത്സയില്‍ ഫലപ്രദമായെന്ന് രോഗികളുടെ പിന്നീടുള്ള പരിശോധന ഫലങ്ങള്‍ വ്യക്തമാക്കി. കാന്‍സര്‍ ചികിത്സയുടെ ഭാഗമായ റേഡിയേഷന്‍ മൂലം ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും രോഗികള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടുവരുന്നതിനും ആയുര്‍വ്വേദ ചികിത്സക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡോ.സദാനന്ദ് പ്രഭാകര്‍ സര്‍ദേശ് മുഖ് പറഞ്ഞു. ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംയോജിത ചികിത്സ രീതിയിലേക്ക് രാജ്യത്തെ ആരോഗ്യരംഗം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ബയോടെക്‌നോളജി സാങ്കേതിക വിദ്യകള്‍ ആയുര്‍വേദ ഗവേഷണ രംഗത്ത് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ബാംഗ്ലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ, സംയോജിത ചികിത്സയെക്കുറിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി.സതീഷ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കേരളത്തിന്റെ ആയുവ്വേദ പാരമ്പര്യവും കാന്‍സര്‍ ചികിത്സയിലെ സാധ്യതകളും, സംയോജിത കാന്‍സര്‍ ചികിത്സയിലെ ഗവേഷണങ്ങളും പ്രധാന മേഖലകളും, സംയോജിത ചികിത്സയിലെ പൊതുജനാരോഗ്യ മേഖലയുടെ സാധ്യതകള്‍, സംയോജിത കാന്‍സര്‍ ചികിത്സയില്‍ പൂര്‍വ്വ ക്ലിനിക്കല്‍ ഗവേഷണം എന്നീ വിഷയങ്ങളില്‍ വിശദമായ സെഷനുകള്‍ നടന്നു.

date