Skip to main content

കേരള അഗ്രോ ഫുഡ്‌പ്രോ 2026 തുടക്കമായി

കേരളത്തിലെ കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയിലെ പുത്തൻ ഉൽപ്പന്നങ്ങളും നൂതന സാങ്കേതിക വിദ്യകളും കോർത്തിണക്കി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശനം 'കേരള അഗ്രോ ഫുഡ്‌പ്രോ 2026' എറണാകുളം കളമശ്ശേരിയിൽ ആരംഭിച്ചു. 23 വരെ കളമശ്ശേരിയിലെ ചാക്കോളാസ് പവിലിയനിലാണ് പ്രദർശനം നടക്കുന്നത്. 

പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 22)  രാവിലെ 10.30-ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ ചടങ്ങിൽ അധ്യക്ഷനാകും. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, കയർ ഡയറക്ടറേറ്റ് ഡയറക്ടർ ആനി ജൂലാ തോമസ്, കളമശ്ശേരി മുനിസിപ്പാലിറ്റി കൗൺസിലർ പി സാദിക്ക്, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത്കുമാർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജി രാജീവ്, വിവിധ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. 

മൂല്യവർധിത കാർഷിക-ഭക്ഷ്യ സംസ്കരണ ഉൽപ്പന്നങ്ങൾ, അത്യാധുനിക യന്ത്രസാമഗ്രികൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വിവിധ സ്റ്റാളുകൾ പവിലിയനിൽ സജ്ജമാണ്.

date