ഹാപ്പിനെസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കം തളിപ്പറമ്പിൽ ഇനി മൂന്നു നാൾ ലോക സിനിമകൾ കഥ പറയും
ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ ഭാഗമായ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കം. തളിപ്പറമ്പ് ആലിങ്കീൽ പാരഡൈസ്, ക്ലാസ്സിക്, ക്രൗൺ തീയറ്ററുകളിലായി ഇനി മൂന്നുനാൾ ലോകസിനിമകൾ കാഴ്ചയുടെ വസന്തമൊരുക്കുന്നു. മലയാള ചിത്രമായ ചാവു കല്യാണം, ഫ്രഞ്ച് ചിത്രമായ തിമ്പക്തു, ടർക്കിഷ് ചിത്രം ദി തിങ്സ് യു കിൽ എന്നിവയായിരുന്നു ഓപ്പണിങ് ചിത്രങ്ങൾ.
ആലിങ്കീൽ പാരഡൈസ് തീയറ്ററിൽ മോഹം, ഒരു അപസർപ്പക കഥ, സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ് എന്നിവയാണ് പ്രദർശിപ്പിച്ചത്. ക്ലാസ്സിക് തീയേറ്ററിൽ ബിഫോർ ദി ബോഡി, ദി എൽഷ്യൻ ഫീൽഡ്, എന്നിവയും ക്രൗൺ തീയേറ്ററിൽ ബീഫ്, ഹെർത്ത് ആൻഡ് ഹോം, റിവർ സ്റ്റോൺ എന്നിവയും പ്രദർശിപ്പിച്ചു.
ഇറ്റ് വോസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് ആണ് മേളയുടെ ഉദ്ഘാടന ചിത്രം.
ഞായറാഴ്ച മലയാളം സിനിമ വിഭാഗത്തിൽ റിനോഷ്. കെ യുടെ ശവപ്പെട്ടി, ജിയോ ബേബി യുടെ എബ്ബ്, നിപിൻ നാരായണൻറെ കാത്തിരിപ്പ്, ആദിത്യ ബേബിയുടെ അംബ്രോസിയ എന്നിവയാണ് ആലിങ്കീൽ പാരഡൈസ് തീയേറ്ററിൽ പ്രദർശിപ്പിക്കുക.
ദി ലവ് ദാറ്റ് റിമേയ്ൻസ്, ഇഫ് ഓൺ എ വിൻറർസ് നൈറ്റ്, പപ്പ ബൂക്ക, പലസ്തീൻ 36, ഷാഡോ ബോക്സ്, ദി ബോക്കെ ഓഫ് പ്രൈമൽ ലവ്, തീയേറ്റർ, ദി ക്രോണോളജി ഓഫ് വാട്ടർ എന്നീ സിനിമകൾ ക്ലാസ്സിക്, ക്രൗൺ തീയറ്ററുകളിലായി പ്രദർശിപ്പിക്കും.
ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വിദ്വേഷം റീലോഡ് ചെയ്യുന്ന കേരളാ സ്റ്റോറികൾ എന്ന ഓപ്പൺ ഫോറം നടക്കും
ക്രൗൺ, ക്ലാസ്സിക് തീയറ്റർ
പരിസരത്ത് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്തും എഴുത്തുകാരിയുമായ
രേഖ രാജ്, ചലച്ചിത്ര നടൻ
ഇർഷാദ്,എഴുത്തുകാരിയും ഗവേഷകയുമായ
ഡോ. മാളവിക ബിന്നി, എഴുത്തുകാരൻ
ടി കെ ഉമ്മർ എന്നിവർ പങ്കെടുക്കും.ചലച്ചിത്ര നിരൂപകൻ
പി പ്രേമചന്ദ്രൻ മോഡേറേറ്ററാകും.
സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാംസ്‌കാരിക വകുപ്പും സംയുക്തമായിട്ടാണ് ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ
500 ഡെലിഗേറ്റ്സ് ആണ് പങ്കെടുക്കുന്നത്.
മാതൃത്വത്തിന്റെ നോവും നിഗൂഢതയുമായി 'ബിഫോര്‍ ദ ബോഡി
ചലച്ചിത്ര മേളയില്‍ വിസ്മയമായി അര്‍ജന്റീനിയന്‍ ചിത്രം
തളിപ്പറമ്പ് ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അര്‍ജന്റീനിയന്‍ ചിത്രം ബിഫോര്‍ ദ ബോഡി (ആന്തെസ് ദെല്‍ ക്യുവെര്‍പോ) പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കരിന പിയാസ, ലൂസിയ ബ്രസിലിസ് എന്നിവര്‍ സംയുക്തമായി സംവിധാനം ചെയ്ത ഈ ചിത്രം മാതൃത്വത്തിന്റെ ഭാരവും ദാരിദ്ര്യവും മനുഷ്യബന്ധങ്ങളും പ്രമേയമാക്കിയുള്ള ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണ്.
നഴ്സായ അനയുടെയും അവള്‍ പരിചരിക്കുന്ന എഴുത്തുകാരന്‍ ലൂയിസിന്റെയും ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ചിത്രം. ഒപ്പം അവളുടെ മകള്‍ എലീനയുടെ നിഗൂഢമായ ആരോഗ്യസ്ഥിതിയെയും ഭയങ്ങളെയും പശ്ചാത്തലമാക്കുന്നു. വൈകാരികമായ പിരിമുറുക്കം നിറഞ്ഞ ഈ ചിത്രം പ്രേക്ഷകരില്‍ പുതിയ ചലച്ചിത്ര അനുഭവമാണ് സൃഷ്ടിച്ചത്. അന, ലൂയിസ്, എലീന, ലൂക്ക എന്നീ കഥാപാത്രങ്ങളിലൂടെയാണ് സംവിധായകന്‍ അഭ്രപാളിയില്‍ വിസ്മയം തീര്‍ത്തത്. ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മനുഷ്യ മനസ്സുകളുടെ സങ്കീര്‍ണതകള്‍ വരച്ചുകാട്ടിയ ഈ ചിത്രം മേളയില്‍ ഏറെ ശ്രദ്ധേയമായി.
ജനപ്രിയമായി ചാവുകല്യാണം
ആളുകള്‍ കൂടുന്നത് മരണത്തിലാണെങ്കിലും ആഘോഷിക്കപ്പെടും.
''സ്‌നേഹമാണ് അടിത്തറ, പരസ്പര സമ്മതത്തോടെ ആര്‍ക്കും ആരെയും സ്‌നേഹിക്കാം, മനുഷ്യന്‍ ഒത്തു കൂടുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാര്‍മേഘം മാറി മഴ വരുന്നതുപോലെ മാറും. മഴ മണ്ണിലലിയുമ്പോള്‍ ചെറുപുഞ്ചിരികള്‍ വിടരും. ആളുകള്‍ കൂടുന്നത് മരണത്തിലാണെങ്കിലും ആഘോഷിക്കപ്പെടും. സന്തോഷം കണ്ടെത്തും. ചാവ് കല്യാണമായി മാറും.''
ഒരു നോവലും അതിലെ കഥാപാത്രങ്ങളുമെന്ന പോലെ അവതരിപ്പിക്കുന്ന, വിഷ്ണു കെ ബീന സംവിധാനം ചെയ്ത ചാവുകല്യാണം എന്ന സിനിമയിലെ വരികളാണിവ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിച്ച ഹാപ്പിനെസ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മലയാളം സിനിമ വിഭാഗത്തിലാണ് ചാവുകല്യാണം പ്രദര്‍ശിപ്പിച്ചത്.
കോഴിക്കോട് ഒരു നാട്ടിന്‍ പ്രദേശത്തെ വീട്ടില്‍ കോരപ്പന്‍ എന്ന കാരണവരുടെ മരണത്തെത്തുടര്‍ന്ന് എത്തിച്ചേരുന്ന ബന്ധുമിത്രാദികളും അവര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളുമായാണ് കഥ മുന്നോട്ട് പോകുന്നത്. സാധാരണ ഇടത്തരം കുടുംബത്തില്‍ ഉണ്ടാകുന്ന സ്വത്ത് തര്‍ക്കം, വെള്ളം, പ്രണയം തുടങ്ങിയ പ്രശ്ങ്ങള്‍ ലളിതമായി ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രം കാണികളില്‍ മികച്ച അനുഭവമാണ് സൃഷ്ടിച്ചത്. ചിത്രം അവസാനിക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരി ഓരോ പ്രേക്ഷകന്റെയും മുഖത്ത് ബാക്കിയാകുന്നു.
തീര്‍ത്തും പുതുമുഖങ്ങളെ അണിനിരത്തിയ ഈ ചിത്രത്തില്‍ മരണ വീട്ടില്‍ താന്‍ കണ്ടിട്ടുള്ള ചില യഥാര്‍ഥ സംഭവങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ചിത്ര പ്രദര്‍ശനത്തിന് ശേഷമുള്ള ചര്‍ച്ചയില്‍ സംവിധായകന്‍ പറഞ്ഞു. അജിത ജയചന്ദ്രനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീഹരി രാധാകൃഷ്ണന്‍ ഛായാഗ്രഹണവും രാഹുല്‍ രഘുനാഥ് ചിത്ര സംയോജനവും ഹൃദ്യ രവീന്ദ്രന്‍ സിങ്ക് സൗണ്ടും ഒരുക്കി. നിതിന്‍ ജോര്‍ജാണ് ശബ്ദ സംവിധാനം. തിരുവനന്തപുരത്ത് നടന്ന 30-ാമത് ഐ.എഫ്.എഫ്.കെയില്‍ ചാവു കല്യാണം പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.
- Log in to post comments