പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമമാക്കി: മന്ത്രി പി രാജീവ്
കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ
മത്സരക്ഷമവുമാക്കിയെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ്. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ന് ലാഭത്തിലാണ്. 731 കോടി രൂപയുടെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾ കോട്ടയത്തെ കേരള പേപ്പർ മിൽസിൽ ആരംഭിക്കും. റബ്ബർ പാർക്കിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് സംരംഭം തുടങ്ങാൻ അവസരമൊരുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകാനുള്ള കുടിശിക, ബോണസ് എന്നിവ സമയബന്ധിതമായി വിതരണം ചെയ്തു.
കെഎംഎംഎല്ലിന്റെ മൂല്യവർധനവ് ഉറപ്പാക്കുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കണം. വിഴിഞ്ഞം- കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഒരുക്കുന്ന വ്യവസായ ഇടനാഴിയിലെ പ്രധാന കേന്ദ്രമാകും കെഎംഎംഎൽ. കോറിഡോർ വികസനത്തിനായി 100 കോടി രൂപ വകയിരുത്തി. അടുത്ത 15 വർഷത്തിനുള്ളിൽ അപൂർവ ധാതുക്കളുടെ പ്രധാന ഉത്പാദന കേന്ദ്രമായി കേരളം മാറും. അഞ്ചുവർഷത്തിനിടെ കമ്പനിയിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നിർവഹിക്കാൻ രണ്ട് കരാറുകൾ നിലവിൽ വന്നു. കോവിൽതോട്ടം മിനറൽ സെപ്പറേഷൻ യൂണിറ്റിൽ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കാൻ 20 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പാക്കി. 613 തൊഴിലാളികൾക്ക് ക്യാഷ്വൽ സ്റ്റാറ്റസ് നൽകും. തൊഴിലാളികൾക്ക് വേതന വർധനവ് നടപ്പാക്കുന്നതോടൊപ്പം കമ്പനിയുടെ വരുമാനവും വർധിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കെഎംഎംഎൽ എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് എന്നിവയ്ക്കായി നിർമിച്ച കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. 2024 -25 സാമ്പത്തിക വർഷത്തെ കെഎംഎംഎൽ നേടിയ ലാഭവിഹിതം 4.64 കോടി രൂപ സംസ്ഥാന സർക്കാരിനു വേണ്ടി ഏറ്റുവാങ്ങി.
ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി കമ്പനിയുടെ സാമൂഹ്യ സുരക്ഷാനിധിയിൽ നിന്ന് 7.9 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങി നൽകിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റം ഡോ സുജിത്ത് വിജയൻപിള്ള എം എൽ എ നിർവഹിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കെഎംഎംഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ ടെസ്റ്റ് ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ധാരണ പത്രവും ചടങ്ങിൽ ഒപ്പുവച്ചു.
ഡോ സുജിത്ത് വിജയൻപിള്ള എം എൽ എ അധ്യക്ഷനായി. കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ പി പ്രദീപ്കുമാർ, ഡി പി ടി ചെയർമാൻ കെ അജിത് കുമാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കോർഡിനേറ്റർ അമ്പിളി പിള്ള, യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments