കോട്ടുക്കല്‍ ഫാം ഫെസ്റ്റിന് സമാപനമായി
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തിയ കോട്ടുക്കല്‍ ഫാം ഫെസ്റ്റ് 'ഹരിതോത്സവം 2026' ന് സമാപനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ വിവിധ കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനം വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആർ മീര നായർ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം എസ് അനീസ ഫാം തൊഴിലാളികളെ ആദരിച്ചു. അഞ്ച് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ കാര്‍ഷിക പ്രദര്‍ശന-വിപണനം, കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്, സെമിനാറുകള്‍, കുട്ടികള്‍ക്കായി ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് മെമ്പർ അഖിൽ ശശി, ആത്മ പ്രൊജക്ട് ഡയറക്ടർ എൽ പ്രീത, ഫാം സൂപ്രണ്ട് ശ്യാം കുമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ഫാം കൗണ്‍സില്‍ അംഗങ്ങള്‍, ഫാം തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments