Skip to main content

വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി കാൻഡിൽ ലൈറ്റ് മാർച്ച്

സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ്റെ ( സ്വീപ്) ഭാഗമായി തിരഞ്ഞെടുപ്പ് പ്രക്രിയെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും  പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കാൻഡിൽ ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക  മാർച്ച് ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള അസുലഭ അവസരമാണ് തിരഞ്ഞെടുപ്പ് എന്നും പുതിയ വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം  കൃത്യമായി വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

ദർബർഹാൾ മൈതാനത്തു നിന്നും ആരംഭിച്ച മാർച്ച് ഹൈക്കോടതി വാട്ടർ മെട്രോ സ്റ്റേഷനിൽ അവസാനിച്ചു.

എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്റ്സ് അസോസിയേഷൻസ് അപെക്സ് കൗൺസിലും ഹാർലി ഓണേഴ്സ് ഗ്രൂപ്പുമായി സഹകരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റ്, ശിങ്കാരിമേളം, ഫ്ലാഷ് മോബ് എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ജില്ലാ സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹർട്ടിസ്, ഹാർലി ഓണേഴ്സ് ഗ്രൂപ്പ് സെക്രട്ടറി നന്ദകുമാർ, എഡ്രാക് ജനറൽ സെക്രട്ടറി പി.സി അജിത് കുമാർ, രംഗനാഥ പ്രഭു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date