സംസ്ഥാനത്ത് 60 ശതമാനം റോഡുകളും ബി.എം ബി.സി നിലവാരത്തിലേക്കുയർന്നു -മന്ത്രി മുഹമ്മദ് റിയാസ്
പുതമണ്‍ പുതിയ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഒന്നാം റീച്ച് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 60 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ബി സി നിലവാരത്തിലേക്ക് ഉയർന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതമണ്‍ പുതിയ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഒന്നാം റീച്ച് എന്നിവയുടെ ഉദ്ഘാടനവും വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
2016ൽ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടായി. പാലം, റോഡ്, കെട്ടിടം എന്നിവയുടെ നിർമാണത്തിലെ വികസനം ജനം കണ്ടറിഞ്ഞു. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഎംബിസി രീതിയിലാണ് റോഡ് നിർമാണം സാധ്യമാക്കുന്നത്.
റോഡ് നവീകരണത്തിനു മാത്രമായി 35,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവച്ചത്.
അഞ്ച് വർഷം കൊണ്ട് 100 പാലം എന്ന ലക്ഷ്യം 150 ആയി. പ്രധാനപ്പെട്ട ജംഗ്ഷനുകളുടെ വികസനത്തിന് ഫ്ലൈ ഓവർ, ബൈപാസ് എന്നിവ സാധ്യമാക്കി. ടൂറിസം പദ്ധതിയുടെ ഭാഗമായി വി-പാർക്ക്, ലെവൽ ക്രോസില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപാലം, റോഡ് പരിപാലനത്തിന് റണ്ണിങ് കോൺട്രാക്ട് എന്നിവയിലെല്ലാം വികസനം സാധ്യമാക്കി.കുതിരാൻ ടണൽ, മൂന്നാർ - ബോഡിമേട്ട്, നാട്ടുകാൽ - താണാവ് ഹൈവേ പദ്ധതി എന്നിവ യാഥാർഥ്യമായി.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന് തയ്യാറായി. 600 കിലോമീറ്ററോളം വരുന്ന ദേശീയപാത 66-ന്റെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി. മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നു. തീരദേശ പാതയിൽ ഓരോ 50 കിലോ മീറ്റർ ഇടവിട്ട് ദീർഘ ദൂര യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യത്തിനായി കംഫർട്ട് സ്റ്റേഷൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ നവീകരിച്ച് പുതിയത് നിർമിച്ചു. പൊതുജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ മികച്ച താമസ സൗകര്യം ഒരുക്കി. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ഔൺലൈൻ ബുക്കിങ്ങിലൂടെ 32 കോടിയലധികം വരുമാനം ലഭിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ 528 പദ്ധതികൾക്ക് കിഫ്ബിയിലൂടെ 46,145 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി.
ശബരിമല പാതയായ മേലുകര റാന്നി റോഡിൽ 2.6 കോടി ചെലവഴിച്ചാണ് പുതമൺ പുതിയ പാലത്തിന്റെ നിർമാണം. ഏഴ് കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമിച്ച പുതമൺ - കുട്ടത്തോട് റോഡിന്റെ ഒന്നാം റീച്ചിന്റെ ഉദ്ഘാടനവും, ചെറുകോൽ ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കുടിലുമുക്ക് - പന്തളത്തുമുക്ക് റോഡ്, പതിയാൻപടി - ചാങ്ങേത്ത് പടി റോഡ്, അന്ത്യാളൻ കാവ് - കണമുക്ക് റോഡ്, കുഴിമണ്ണിൽ പടി - കൊന്നയ്ക്കൽ റോഡ്, കച്ചേരി പടി - കണമുക്ക് റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.
പുതമൺ പാലത്തിന് 7.5 മീറ്റർ കാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും 16.9 മീറ്റർ നീളവുമാണുള്ളത്. ഇരുവശങ്ങളിലും ആവശ്യമായ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് പാലത്തിലേക്കുളള പ്രവേശന പാത 240 മീറ്റർ നീളത്തിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്.
ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, വൈസ് പ്രസിഡന്റ് സാം പി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ ഒ. പി സുരേഷ്, എം റ്റി ജെസ്സി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വർഗ്ഗീസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജോർജ് ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീജാ മാത്യു, മിനി ബി തോമസ്, റ്റി. കെ അജിത് കുമാർ, പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരായ ബി
അജിത്കുമാർ, ബാബുരാജൻ
, റാന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോമി ജെ. ചിങ്ങംപറമ്പിൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജോസ് ബൈൻ ജോർജ്, ബിജു, ഫിലിപ്പ് തേവർകാട്ടിൽ, ജോർജ്ജ് തോമസ് പുന്നക്കാല, ഹരിഭദ്രൻ നായർ,
ഹബീബ് മദനി, ബിജോയ് മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments