എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് ഉദ്ഘാടനം 3 ന്
എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മാർച്ച് 3 ന് വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിക്കും. മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ ബ്ലോക്ക് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ജനാരോഗ്യ മേഖലയിൽ മെഡിക്കൽ കോളേജ് എന്നത് സംസ്ഥാന രൂപീകരണം മുതൽ ഈ മേഖലയുടെ സ്വപ്നമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ ആദ്യം ആരംഭിച്ച മെഡിക്കൽ കോളേജ് പിന്നീട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്. 2016 ൽ ചുമതലയേറ്റ സർക്കാരാണ് തസ്തികൾ സൃഷ്ടിച്ച് തുടർനടപടികൾ മുന്നോട്ടു കൊണ്ടുപോയത്. കിഫ്ബിയുടെ പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. 286.66 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 16 ഓപ്പറേഷൻ തീയേറ്ററുകൾ, 842 ബെഡുകൾ, നിയോനാറ്റോളജി, ആധുനിക ലേബർ റൂം, സ്കാനിങ്, എക്സറേ തുടങ്ങിയവക്കുള്ള ആധുനിക മെഷീനുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കുന്നത്. വാഹനാപകടങ്ങൾ കൂടുതലാണെങ്കിലും ന്യൂറോ സർജറിക്കും മറ്റ് അത്യാഹിത ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമായിരുന്നില്ല. പുതിയ ബ്ലോക്ക് വരുന്നതോടെ ആ കുറവുകൾ പരിഹരിക്കപ്പെടും. 90 തസ്തികകൾ സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി സൃഷ്ടിച്ചു. കാർഡിയോ വാസ്കുലാർ ഉൾപ്പെടെയുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. കോസ്മെറ്റോളജി, വൈറോളജി തുടങ്ങിയ വിഭാഗങ്ങൾക്കായും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ന്യൂറോ സർജറി, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോ തൊറാസിക് സർജറി, പീഡിയാട്രിക് സർജറി, യൂറോളജി, നെഫ്രോളജി, ട്രാൻസ്പ്ലാൻഡ് സർവീസസ്, ഡയാലിസിസ് യൂണിറ്റുകൾ, ക്രിട്ടിക്കൽ കെയർ സർവീസുകൾ തുടങ്ങിയ വിഭാഗങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഉണ്ടാകും. റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്ട്മെൻറ്, പതോളജി - മൈക്രോബയോളജി - ബയോകെമിസ്ട്രി ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ, തുടങ്ങിയവയും ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. 18 ലിഫ്റ്റുകൾ, 715 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ആർ.ഒ പ്ലാൻറ്, ജല ലഭ്യതയ്ക്കുള്ള സൗകര്യം തുടങ്ങി ആധുനിക സൗകര്യങ്ങളും പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്.
മന്ത്രി പി.രാജീവിനൊപ്പം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്.എസ് മിനി, സൂപ്രണ്ട് ഗണേഷ് മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
- Log in to post comments