ഗർഭാശയഗള കാൻസറിനെതിരെ എച്ച്.പി.വി. വാക്സിൻ - ഫെബ്രുവരി 28 മുതൽ
മാരക രോഗങ്ങളിൽനിന്നു കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിലും ശിശു മരണനിരക്ക് ഗണ്യമായതോതിൽ കുറയ്ക്കുന്നതിലും പ്രതിരോധ കുത്തിവെയ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിലവിൽ പ്രധാനമായും 12 രോഗങ്ങൾക്കെതിരെ രാജ്യത്ത് എല്ലായിടത്തും കുട്ടികൾക്ക് വാക്‌സിൻ നൽകുന്നുണ്ട്.
ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള ക്യാൻസറാണ്. ഒരു ലക്ഷം സ്ത്രീകളിൽ പ്രതിവർഷം 11.6 പേർക്ക് രോഗബാധ ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്ക്: 1,00,000 സ്ത്രീകൾക്ക് വർഷത്തിൽ 5.1എന്നതാണ്. സമയബന്ധിതമായ HPV വാക്സിനേഷനും സെർവിക്കൽ സ്ക്രീനിംഗും വഴി സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.
ഗർഭാശയഗള ക്യാൻസറിനെതിരായ വാക്‌സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായി 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്.പി.വി വാക്‌സിനേഷൻ ആരംഭിക്കുകയാണ്. ഗർഭാശയത്തിൻറെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്സ്) കാൻസറാണ് ഗർഭാശയഗള ക്യാൻസർ. 99.7% ഗർഭാശയഗള ക്യാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. മിക്ക HPV അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, HPV യുടെ തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. 200-ലധികം HPV വൈറസുകളിൽ 17 വകഭേദങ്ങളാണ് കൂടുതൽ അപകടകാരികൾ. ഇന്ത്യയിൽ 83% ഗർഭാശയഗള കാൻസർ കേസുകൾക്കും HPV 16, 18 എന്നീ വകഭദങ്ങൾ കാരണമാകുന്നു.
എൻ.ടി.എ.ജി.ഐയും (National Technical Advisory Group on Immunization) ലോകാരോഗ്യ സംഘടനയും സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ പെൺകുട്ടികൾക്ക് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. 14 വയസുള്ള പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ സർക്കാർ സൗജന്യമായി HPV വാക്സിൻ നൽകുന്നത്.
2006 മുതൽതന്നെ HPV വാക്സിൻ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വളരെ സുരക്ഷിതമായി നൽകിവരുന്നുണ്ട്. സെർവിക്കൽ ക്യാൻസർ തടയുന്നതിൽ HPV വാക്സിൻ 90% ത്തിലധികം ഫലപ്രദമാണ്. HPV വാക്സിൻ കാൻസറിന് കാരണമാകുന്ന HPV മൂലമുണ്ടാകുന്ന അണുബാധയിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികൾ വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ സൃഷ്ടിക്കുന്നു.
2026 ഫെബ്രുവരി 28നു രാജ്യവ്യാപകമായി ആരംഭിക്കുന്ന വാക്‌സിനേഷൻ ക്യാമ്പയിനിൽ മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് ഭാരത സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചരിക്കുന്നത്. തുടർന്ന് ദേശീയ പ്രതിരോധകുത്തി വയ്പു പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസു പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള ക്യാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് അമ്മയുടെയും കുട്ടിയുടെയും ആശുപത്രിയിൽ ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. വി. ശിവൻകുട്ടി നിർവ്വഹിക്കും. അന്നേ ദിവസം എറണാകുളം ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ ഉച്ചയ്ക്ക് 2 മണിക്ക് ടി ജെ വിനോദ് എം എൽ എയും നിർവഹിക്കും . ജില്ലയിലെ 15934 കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നല്കാൻ ലക്ഷ്യമിടുന്നത് .
എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിനേഷൻ സൗകര്യം ലഭ്യമാണ്. 14 വയസുള്ള പെൺകുട്ടികൾക്ക് എച്ച്.പി. വി വാക്സിനേഷൻ ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. https://uwin.mohfw.gov.in/home എന്ന വെബ്സൈറ്റിൽ സൗകര്യം ലഭ്യമാണ്.
- Log in to post comments