Skip to main content

ബഹിരാകാശ ശാസ്ത്ര ശില്‍പശാല; സ്വാഗത സംഘം രൂപീകരിച്ചു

 

കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി മാര്‍ച്ച് 14, 15 തീയതികളില്‍ ബഹിരാകാശ ശാസ്ത്ര ശില്‍പശാല സംഘടിപ്പിക്കും. പയ്യന്നൂര്‍ ആസ്ട്രോ വാനനിരീക്ഷണ ക്യാമ്പില്‍ നടക്കുന്ന ശില്‍പശാലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 75 കുട്ടികള്‍ക്കാണ് പ്രവേശനം. ബഹിരാകാശ ശാസ്ത്ര ക്ലാസുകള്‍, വാനനിരീക്ഷണം എന്നിവ ക്യാമ്പിലുണ്ടാകും. 

പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. സരിന്‍ ശശിയെ ചെയര്‍മാനായും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ശിവകുമാര്‍ ജനറല്‍ കണ്‍വീനറായും സ്വാഗത സംഘം രൂപീകരിച്ചു. എം.കെ രമേഷ് കുമാര്‍ ക്യാമ്പ് ഡയറക്ടറും ആര്‍ മുരളീധരന്‍, വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സഹ ഡയക്ടര്‍മാരുമാണ്. വിവിധ സബ് കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.

പയ്യന്നൂര്‍ പബ്ലിക് ലൈബ്രറിയില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ വൈ.വി സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എം.കെ രമേഷ് കുമാര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.കെ വിജയന്‍, ഐ.എസ്.ആര്‍.ഒ റിട്ടയേര്‍ഡ് സയന്റിസ്റ്റ് വി.പി ബാലഗംഗാധരന്‍, ആസ്ട്രോ സെക്രട്ടറി ആര്‍ മുരളി, പ്രസിഡണ്ട് ഇ ഭാസ്‌കരന്‍, കെ ശിവകുമാര്‍, വി.പി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

date