Skip to main content
ജനകീയ മുന്നേറ്റങ്ങൾ വികസനത്തിന്റെ ഭാഗമാക്കുന്നതിൽ ചൊക്ലി മാതൃക; സ്പീക്കർ അഡ്വ.എ എൻ ഷംസീർ

ജനകീയ മുന്നേറ്റങ്ങൾ വികസനത്തിന്റെ ഭാഗമാക്കുന്നതിൽ ചൊക്ലി മാതൃക; സ്പീക്കർ അഡ്വ.എ എൻ ഷംസീർ

 

ചൊക്ലി ലോകഭൂപടത്തിൽ അറിയപ്പെടാൻ പോകുന്നത് ജനകീയ മുന്നേറ്റത്തിലൂടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ നാടായിട്ടാണെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. ദേശീയ അംഗീകാരം ലഭിച്ച ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് ആദരവ് നൽകികൊണ്ട് സംസാരിക്കുകയായിരിന്നു അദ്ദേഹം. 
ഇച്ഛാശക്തിയോടെ ഒരു പ്രദേശത്തെ ജനങ്ങൾ ഇറങ്ങി തിരിച്ചാൽ അത് യാഥാർത്ഥ്യമാകുമെന്ന് തെളിയിച്ചതാണ് ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ഗവ. കോളേജ്. ഇച്ഛാശക്തിയോടെ പുറപ്പെട്ടാൽ കുടുംബാരോഗ്യ കേന്ദ്രത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും ഈ നാട് തെളിയിച്ചെന്ന് സ്‌പീക്കർ പറഞ്ഞു.

ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം 91.06 ശതമാനം മാർക്ക് നേടിയാണ് ദേശീയ അംഗീകാരത്തിലേക്ക് എത്തിച്ചേർന്നത്.കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഒ.പി, അത്യാധുനിക ലാബ് സൗകര്യങ്ങൾ,
ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവയുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി രോഗ നിര്‍ണയം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ കൃത്യമായി നടപ്പിലാക്കുന്നു. വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി മികച്ച പരിചരണവും മരുന്ന് വിതരണവും ഉറപ്പാക്കുന്ന സംവിധാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ എം സപ്ന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി കെ പ്രദീപൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയചന്ദ്രൻ, മുൻ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സി പി ബിജോയ്‌, ചൊക്ലി എഫ് എച്ച് സി മുൻ മെഡിക്കൽ ഓഫീസർ ഡോ. എ അമൃതകല, ഡോ. എം നീതു, ജനകീയ കമ്മിറ്റി ചെയർമാൻ വി കെ രാജേഷ്, ജനകീയ കമ്മിറ്റി ട്രഷറർ പവിത്രൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

date