ലീഗൽ മെട്രോളജി സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കും: മന്ത്രി ജി ആർ അനിൽ
ലീഗൽ മെട്രോളജി വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കാനും നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച ലീഗൽ മെട്രോളജി പെരുമ്പാവൂർ സർക്കിൾ 2 ഇൻസ്പെക്ടർ ഓഫീസിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പതിനായിരക്കണക്കിന് വ്യാപാരികൾ ആശ്രയിക്കുന്ന തിരക്കേറിയ പ്രദേശങ്ങളിൽ പുതിയ ഇൻസ്പെക്ടർ ഓഫീസുകൾ ആരംഭിക്കേണ്ടതുണ്ട്. പൊതുവിതരണ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ജനങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനങ്ങളാണ്. ഇവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ജനങ്ങൾക്ക് പലവിധത്തിലുള്ള കാലതാമസങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് അപേക്ഷകൾക്ക് തീർപ്പ് കൽപ്പിക്കുന്നതിനും ഇൻസ്പെക്ഷൻ നടപടികൾ ഊർജ്ജിതമാക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഇത്തരം ജനകീയ ഇടപെടലുകൾക്ക് പൊതുജനങ്ങളുടെ വലിയ തോതിലുള്ള സഹകരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്പെക്ടർ ഓഫീസാണ് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത്. കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ, ഐക്കരനാട്, പൂത്തൃക്ക, വെങ്ങോല, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ് എന്നീ പഞ്ചായത്തുകളിലെ വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും അളവ് തൂക്ക ഉപകരണങ്ങളും ഫെയർ മീറ്ററുകളും മുദ്ര ചെയ്യുന്നതിന് ഇനി മുതൽ കോലഞ്ചേരിയിലെത്തിയാൽ മതിയാകും.
അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമൃത സനൂപ്, വടവുകോട് - പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. റീന ഗോപാൽ, ലീഗൽ മെട്രോളജി അഡീഷണൽ കൺട്രോളർ രാജേഷ് സാം, ഡെപ്യൂട്ടി കൺട്രോളർ അബ്ദുൽ ഹാഫിസ്, ജനപ്രതിനിധികൾ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments