സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ; അഞ്ചാംഘട്ട കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു
ലഹരിക്കെതിരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല അഞ്ചാംഘട്ട കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.
സർക്കാരും സാമൂഹ്യസന്നദ്ധ പ്രവർത്തകരും എക്സൈസ് വകുപ്പും കൈകോർത്തു കൊണ്ട് സമൂഹത്തെ ലഹരിയുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തെയും വ്യക്തിയെയും കുടുംബത്തെയും ഒരുപോലെ ബാധിക്കുന്ന ലഹരി ഉപയോഗം നമ്മുടെ സമൂഹത്തിന് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ലഹരിയുടെ ഉപയോഗം മനുഷ്യരെ മാനസികമായും ഭൗതികമായും തളർത്തും. ലഹരിക്കെതിരെ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കലാകായിക മേഖലയാവണം ലഹരി. മണ്ഡലത്തിലെ ലഹരി പ്രതിരോധ പ്രവർത്തനമായ മധുരം ജീവിതം എന്ന പദ്ധതിയെ കുറിച്ചും എൻ.എസ്.എസിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ രൂപീകരിച്ച ആസാദ് സേനയെക്കുറിച്ചും മന്ത്രി കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വിമുക്തി പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം കാഴ്ചവെച്ച അധ്യാപകർക്കും വിദ്യാലയത്തിനും മൊമെന്റോ വിതരണം ചെയ്തു..
കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മനു, വാർഡ് കൗൺസിലർ പി പ്രസാദ്, ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി മുരളീധരൻ, ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ പി.ആർ അനുകുമാർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments