സർക്കാർ അവതരിപ്പിച്ചത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന വയോജന സൗഹൃദ ബജറ്റ് : മന്ത്രി ആർ. ബിന്ദു
_
രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന വിധത്തിലുള്ള വയോജന സൗഹൃദ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് ഉന്നത വിദ്യഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ പരിപാടി, പോഷകാഹാര കിറ്റ് വിതരണം, വയോജനോത്സവം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആകെ ബജറ്റിന്റെ 18 ശതമാനവും വയോജനങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായുള്ളതാണ്. അതിനായി സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകൃതമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങൾക്ക് അവരുടെ വീട്ടുമുറ്റത്ത് തന്നെ സേവനങ്ങൾ ലഭിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വായോമിത്രം, വായോമധുരം, മന്ദഹാസം, മാതൃക പകൽ വീടുകൾ, ഓർമ്മത്തോണി തുടങ്ങി ഒട്ടനേകം പദ്ധതികളാണ് സാമൂഹ്യ നീതി വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നത്. വയോജനങ്ങളെ പരിപാലിക്കാൻ സമൂഹത്തിന് ചുമതലയുണ്ട്. ഏറ്റവും ശക്തമായ നിലയിൽ വായോസേവന പരിപാടികൾ മുന്നോട്ടുകൊണ്ടുപോകണ മെന്നാണ് വകുപ്പ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ രണ്ടുദിവസമായി നടക്കുന്ന പരിപാടിയിൽ ആദ്യ ദിനം സൗജന്യ മെഡിക്കൽ ക്യാമ്പും, പോഷകാഹാരകിറ്റ് വിതരണവും നടന്നു. 350 ഓളം പോഷകാഹാരകിറ്റ് വിതരണം ചെയ്തു. തിമിര ശസ്ത്രക്രിയയുടെ സ്‌ക്രീനിങ്ങും നടന്നു. 32 ഓളം വയോജനങ്ങൾ സ്ക്രീനിങ്ങിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട മുൻസിപ്പൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മനു, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി കണ്ണൻ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷൈനി മോൾ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ആർ പ്രദീപൻ, മെഡിക്കൽ ക്യാമ്പിലെ ഡോക്ടർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് (3-2-26) വയോജനോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. അമ്മയ്ക്കായി ഒരു മരം, ബോധവൽക്കരണ ക്ലാസ്, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആരർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
- Log in to post comments