കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (മാർച്ച് മൂന്നിന്)
കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് റവന്യൂ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. എ.സി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായും, എം.പി കെ. രാധാകൃഷ്ണൻ, മുരളി പെരുന്നെല്ലി എം.എൽ.എ എന്നിവർ മുഖ്യാതിഥിയായും പങ്കെടുക്കും.
എ.സി മൊയ്തീന്‍ എംഎല്‍എയുടെ ശ്രമഫലമായി കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിര നിർമ്മാണ പ്രവൃത്തികൾക്ക് രണ്ട് ഘട്ടങ്ങളിലായാണ് ഭരണാനുമതി ലഭിച്ചത്. നാലേക്കർ സ്ഥലത്ത് 25 കോടി രൂപ ചിലവഴിച്ച് 5338 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായി നടുമുറ്റത്തോട് കൂടിയാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 1285 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ താലൂക്ക് ഓഫീസും 1279 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി ഇലക്ഷൻ വിങ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ചരക്ക് സേവന നികുതി ഓഫീസ്, ഫുഡ് ആൻഡ് സേഫ്റ്റി, ലേബർ ഓഫീസ്, ഇറിഗേഷൻ, ഡയറി, ലാൻഡ് റെക്കോർഡ്സ് തുടങ്ങിയ ഓഫീസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭിന്നശേഷി സൗഹൃദപരമായി നിർമിച്ച കെട്ടിടത്തിൽ റാമ്പ്, രണ്ട് ലിഫ്റ്റുകൾ, ഓരോ നിലയിലും ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി സജ്ജീകരിച്ച ടോയ്ലറ്റ് ബ്ലോക്ക്‌കൾ, സ്ത്രീകൾക്കുള്ള വിശ്രമമുറി, ഫീഡിങ് റൂം എന്നിവക്ക് പുറമെ ട്രാൻസ്‌ജെൻ്റർ ടോയ്‌ലെറ്റുകൾ, താഴത്തെ നിലയിൽ വെയ്റ്റിംഗ് റൂം, മൾട്ടി പർപസ് റൂം, കോൺഫെറൻസ് ഹാൾ, വീഡിയോ കോൺഫെറൻസ് ഹാൾ, മൂന്ന് ഭാഗങ്ങളിലായി ഗോവണികൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് നാലരയ്ക്ക് അലോഷി ആഡംസിൻ്റെ സംഗീത വിരുന്ന് ഉണ്ടായിരിക്കും.
- Log in to post comments