Skip to main content

കൃഷിപുനരുജ്ജീവനത്തിനായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം : മന്ത്രി വി.എസ് സുനില്‍കുമാര്‍

 

തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കാന്‍ ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനാന്ദനാര്‍ഹമാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കവിയൂര്‍ പുഞ്ച ബഹുജനകൂട്ടായ്മയും നെല്‍കര്‍ഷക സെമിനാറും നാട്ടുകടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെമ്പാടും തരിശുനിലങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി വകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്. കൃഷി വകുപ്പും ഹരിതകേരള മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന തരിശുരഹിത കേരളത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. രണ്ടരവര്‍ഷം കൊണ്ട് കേരളത്തിലെ 39000 ഏക്കര്‍ തരിശുനിലമാണ് കൃഷിയോഗ്യമാക്കിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള ഊര്‍ജിത നടപടികള്‍ നടന്നുവരുന്നു.  പത്ത് ലക്ഷം ടണ്‍ അരിയുത്പാദനത്തിലേക്ക് കേരളം എത്തിയാല്‍ ഭാഗികമായെങ്കിലും സംസ്ഥാനം അരിയുത്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലെത്തും. കൃഷി വകുപ്പ് തരിശുരഹിത പദ്ധതിക്ക് ഏറെ സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഒരു ഹെക്ടര്‍ തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് മുപ്പതിനായിരം രൂപയും വിത്തുകളും സൗജന്യമായി നല്‍കുന്നുണ്ട്. പ്രളയശേഷം കൃഷിനാശം സംഭവിച്ച ജില്ലയിലെ 90 ശതമാനം കര്‍ഷകര്‍ക്കും സഹായഫണ്ട് നല്‍കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ 17.30 രൂപ താങ്ങ്വില നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കിലോ നെല്ലിന് 25.30 രൂപയാണ് താങ്ങ് വിലയായി നല്‍കുന്നത്. കര്‍ഷകര്‍ സംസ്ഥാന ഇന്‍ഷുറന്‍സ് സ്‌കീം വഴി രജിസ്റ്റര്‍ ചെയ്ത് തവണകള്‍ അടച്ചാല്‍ കൃഷിനാശം സംഭവിച്ചാല്‍ ഒരു ഹെക്ടറിന് 35000 രൂപ വീതം നഷ്ടപരിഹാരമായി ലഭിക്കും. പ്രളയശേഷം കുട്ടനാട്ടില്‍ മുന്‍ വര്‍ഷം ചെയ്തതിനേക്കാള്‍ 7000 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. അതിലൂടെ 35000 മെട്രിക് ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇരുപത്തിമൂന്ന് വര്‍ഷത്തിന് ശേഷമാണ് കവിയൂര്‍ പുഞ്ചയിലെ എണ്ണൂറ് ഏക്കര്‍ കൃഷിയോഗ്യമാക്കിയത്. അതിന്റെ ഭാഗമായാണ് ബഹുജനകൂട്ടായ്മയും നെല്‍കര്‍ഷക സെമിനാറും സംഘടിപ്പിച്ചത്. കൂടാതെ അമ്മയ്ക്കൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുറമറ്റം വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് സുധീറിനും, ബ്ലോക്ക് തല ഉദ്ഘാടനം ടി.സി അനുജനും പച്ചക്കറി തൈകള്‍ നല്‍കി മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവല്ല എം.എല്‍.എ മാത്യു ടി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണകുറുപ്പ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റെജി തോമസ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, ഹരിതകേരളംമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍, സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിവിധ വകുപ്പ് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                  (പിഎന്‍പി 4118/18)

date