Skip to main content
ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം

തിരുവല്ല- മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡ്: സര്‍വേ പൂര്‍ത്തിയായി

തിരുവല്ല- മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന വില്ലേജുകളുടെ വില നിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു.
എട്ട് വില്ലേജുകളിലെ സര്‍വേ നടപടി പൂര്‍ത്തിയായി. സര്‍വേ റെക്കോഡുകള്‍ തയ്യാറാക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. തിരുവല്ല, കുറ്റപ്പുഴ വില്ലേജുകളിലെ അടിസ്ഥാന വില നിര്‍ണയ റിപ്പോര്‍ട്ട് തയ്യാറായി. ചങ്ങനാശേരി- കവിയൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കുറ്റൂര്‍ ടാങ്കിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം സംബന്ധിച്ച് കിഫ്ബിയില്‍ നിന്നു ലഭ്യമായ ഭരണാനുമതി പുതുക്കുന്നതിന് 19 കോടി രൂപയുടെ അധിക പ്രൊപോസല്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ ഒ പി കെട്ടിട നിര്‍മാണം പൂരോഗമിക്കുന്നു. പുല്ലം പ്ലാവില്‍കടവ് പാലത്തിന്റെ അലൈന്‍മെന്റില്‍ അതിര്‍ത്തികല്ലുകള്‍ സ്ഥാപിച്ചു. കൊമ്പങ്കേരി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിച്ചു. വരട്ടാര്‍ പാലത്തില്‍ നിന്നും ഓതറ ഭാഗത്തേയ്ക്കുള്ള റോഡുമായി ബന്ധപ്പെട്ട് കലുങ്ക്, ഓട നിര്‍മാണം പൂര്‍ത്തിയായി. കോതേക്കാട് പാലം, ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപാലം പുനര്‍നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നു. സ്ഥലത്തിന്റെ അടിസ്ഥാന വില തയ്യാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.
പന്നിക്കുഴി പാലത്തിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് മാലിന്യം നീക്കം ചെയ്തു. തോട്ടിലെ ചെളിയും പോളയും മാറ്റി വെള്ളക്കെട്ട് ഒഴിവാക്കി. തിരുവല്ല ബൈപ്പാസിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിയിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. തിരുവാറ്റ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. തിരുവല്ല മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണ പുരോഗതി എംഎല്‍എ വിലയിരുത്തി.
എഡിഎം ബി ജ്യോതി അധ്യക്ഷയായി. ജില്ല പ്ലാനിങ്ങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date