വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം: മന്ത്രി പി പ്രസാദ്
*വയലാർ രാമവർമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
വിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാരിന്റെ കാലത്ത് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വയലാർ രാമവർമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം മുടക്കി പഠിക്കേണ്ടിയിരുന്ന മുൻപത്തെ സാഹചര്യത്തിൽ നിന്ന് മാറി ഇന്ന് ഡിഗ്രി വരെയുള്ള പഠനം സർക്കാർ സൗജന്യമാക്കി. പാഠപുസ്തകങ്ങൾ അധ്യയനവർഷത്തിന് മുന്നേ വിതരണം ചെയ്യുന്നതും യൂണിഫോം സൗജന്യമാക്കിയതും ഉൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ അടയാളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 1.3 കോടി രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപയും വിനിയോഗിച്ചാണ് വയലാർ രാമവർമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സന്ധ്യ ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, സ്ഥിരംസമിതി അധ്യക്ഷരായ രതി അജയകുമാർ, ലീന രാധാകൃഷ്ണൻ, അഖിൽ കൃഷ്ണ, ആലപ്പുഴ ഡിഡിഇ ഇ എസ് ശ്രീലത, ചേർത്തല ഡിഇഒ അബ്ദുൾ സലാം, എഇഒ ജയലക്ഷ്മി, പിടിഎ പ്രസിഡന്റ് മനോഹരൻ, സ്കൂൾ പ്രഥമധ്യാപിക എസ് ബിന്ദു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments