Skip to main content

കാസര്‍കോടിന് കായിക വസന്തം; ചെമ്മനാട്ട് രാജ്യാന്തര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫ് വരുന്നു

ചെമ്മനാട് കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍  ഫുട്‌ബോള്‍ ടര്‍ഫ് പ്രവൃത്തി ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വഹിച്ചു

ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോളിയടുക്കത്ത് ജില്ലാ സ്പോര്‍ട്‌സ് അക്കാദമി സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 496.50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന അത്യാധുനിക ഫുട്‌ബോള്‍ ടര്‍ഫ്  ശിലാസ്ഥാപനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി.രഘുനാഥ് നിര്‍വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷാ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രേഷ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുകുമാരി ശ്രീധരന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ സാദത്ത് കോളിയടുക്കം, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ദിലീപ് കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.പി അശോകന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ ടി.വി കൃഷ്ണന്‍, കെ.വീരമണി, എം.ടി.പി അഷ്‌റഫ്, കെ.വാസന്തി, അശോകന്‍ ധര്‍മ്മതടുക്ക, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ സക്കീന നജീബ്, അജന്ന പവിത്രന്‍, ഷംസുദ്ദീന്‍ തെക്കില്‍, വാര്‍ഡ് മെമ്പര്‍ രതി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി.വി മദനന്‍ നന്ദിയും പറഞ്ഞു.

ഫിഫ അന്താരാഷ്ട്ര നിലവാരത്തില്‍ ആണ് സിന്തറ്റിക് ടര്‍ഫ് ഗ്രൗണ്ട്   ഒരുങ്ങുന്നത്. നിലവില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ 18 കായിക താരങ്ങളുമായി ജില്ലാ ഫുട്‌ബോള്‍ അക്കാദമി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പുതിയ ടര്‍ഫ് യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ താരങ്ങളെ താമസിപ്പിച്ചു പരിശീലിപ്പിക്കുന്നതിനായി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ ദേശീയ മത്സരങ്ങള്‍ക്കും സംസ്ഥാന ടീമുകളുടെ ക്യാമ്പുകള്‍ക്കും വേദിയാകാന്‍ ഈ സ്റ്റേഡിയം സജ്ജമാകും. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും അത്‌ലറ്റിക് ഹോസ്റ്റലും നിര്‍മ്മിക്കുന്ന കാര്യവും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സജീവ പരിഗണനയിലാണ്.

ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കായിക വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വിദ്യാനഗര്‍ ഉദയഗിരിയിലെ അക്കാദമിയില്‍ കബഡി, വോളിബോള്‍ പരിശീലനവും ഖേലോ ഇന്ത്യ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഫെന്‍സിംഗ് പരിശീലനവും നല്‍കി വരുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ വര്‍ഷം മുതല്‍ എന്‍.ഐ.എസ് കോച്ചുമാരുടെ സേവനം ലഭ്യമാക്കി സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ജില്ലയ്ക്ക് മുന്‍പ് നഷ്ടപ്പെട്ട സ്‌പോര്‍ട്‌സ് ഡിവിഷന്‍ തിരികെ കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും നടന്നുവരികയാണ്. സ്‌പോര്‍ട്‌സ് കിറ്റുകള്‍ ക്ലബ്ബുകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെ്ന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രഘുനാഥ് അറിയിച്ചു.

date