Skip to main content

ഗർഭാശയഗള ക്യാൻസർ പ്രതിരോധം: 'ആഞ്ചൽ 2026 ഷി ക്യാൻ' കോൺടെസ്റ്റ് സംഘടിപ്പിച്ചു

ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കാനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി 'ആഞ്ചൽ 2026 ഷി ക്യാൻ' കോൺടെസ്റ്റ് സംഘടിപ്പിച്ചു. അന്തർദേശീയ വനിതാദിനത്തിന്റെയും ക്യാൻസർ ബോധവൽക്കരണ മാസാചരണത്തിന്റെയും ഭാഗമായി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ വർക്ക്, എൻ.എസ്.എസ് യൂണിറ്റ് നമ്പർ 59, ജെൻഡർ ഇക്വിറ്റി സെൽ എന്നിവർ സംയുക്തമായാണ് പരിപാടി നടത്തിയത്.

​മത്സരത്തിൽ രാജഗിരി കോളേജിലെ ഇപ്സിത സാബു കാട്ടുമാൻ ഒന്നാം സ്ഥാനവും, പൊൻ മാധിനി, അഞ്ചു ജോസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജ്ഞാനപ്രദവും ആകർഷണീയവുമായ വിവിധ റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മത്സരാർത്ഥികളുടെ അഭിരുചി, സാമൂഹിക പ്രതിബദ്ധത, ആശയവിനിമയ ശേഷി, ആരോഗ്യസ്ഥിതി, ജീവിതശൈലി എന്നിവ മത്സരത്തിൽ വിലയിരുത്തി.

​ആരോഗ്യസ്ഥിതി അസ്സസ്‌മെന്റിന്റെ ഭാഗമായി ഹീമോഗ്ലോബിൻ പരിശോധന, ബോഡി മാസ് ഇൻഡക്സ് , മെറ്റബോളിക് ഏജ് സ്ക്രീനിങ് എന്നിവ നടത്തി. 'ആർ യു ഹെൽത്തി' ക്വിസ് റൗണ്ട്, ആരോഗ്യ ബോധന നിർണ്ണയ റൗണ്ട്, 'വോക്ക് വിത്ത് എ മെസ്സേജ്' (റാംപ് വാക്ക്), മെസ്സേജ് പ്രസന്റേഷൻ, ഇന്ററാക്ഷൻ റൗണ്ട് എന്നിവ മത്സരത്തിന്റെ ഭാഗമായിരുന്നു. 

​ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആരതി കൃഷ്ണൻ, ഗവ. മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. മിനു മോഹൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ഏയ്ഞ്ചൽ അലക്സ്, ഡോ. ലീന ലിയോൺ, ഡോ. ഷോബി സണ്ണി എന്നിവർ വിധികർത്താക്കളായി.

​തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും ഡോ. ആരതി കൃഷ്ണൻ, രാജഗിരി കോളേജ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഫാ. ഷിന്റോ ജോസഫ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രജനി ജി, വകുപ്പ് മേധാവി ഡോ. കിരൺ തമ്പി, ഡോ. ജിജി ജോർജ്, ഡോ. സി. സുനിറോസ് എന്നിവർ സംസാരിച്ചു.

date