Skip to main content

നേര്യമംഗലം അഗ്നി രക്ഷാ നിലയം ഇന്ന് (5/3/2026) മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

നേര്യമംഗലത്ത് പുതിയതായി അനുവദിച്ച ഫയർ സ്റ്റേഷൻ ഇന്ന് (5/3/2026) 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നടക്കുന്ന ചടങ്ങിൽ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ വേണമെന്നുള്ളത് ഏറെക്കാലം ആയിട്ടുള്ള  ജനങ്ങളുടെ ആവശ്യമായിരുന്നു. നിലവിൽ കവളങ്ങാട് പഞ്ചായത്ത് പരിധിയിലെയും, കീരംമ്പാറ , കുട്ടമ്പുഴ ,  കഞ്ഞിക്കുഴി ,  അടിമാലി വണ്ണപ്പുറം പഞ്ചായത്തുകളിലെയും  സമീപസ്ഥലങ്ങളിലേക്ക് ഉൾപ്പെടെ  പലപ്പോഴും കോതമംഗലത്ത് നിന്നോ അടിമാലിയിൽ നിന്നോ അല്ലെങ്കിൽ തൊടുപുഴയിൽ നിന്നൊക്കെ ഫയർഫോഴ്സ് എത്തേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും അപകടങ്ങളോ അത്യാവശ്യ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടും നേരിട്ടിരുന്നു. ഈ  പ്രശ്നങ്ങൾക്ക്   ശാശ്വത  പരിഹാരമായിട്ടാണ് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകാൻ പോകുന്നത്. നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്   2016 മുതൽ നിയമസഭയ്ക്കകത്തും  സർക്കാർ തലത്തിലും എല്ലാം നിരന്തരമായി നടത്തിയ  ഇടപെടലുകളെ  തുടർന്ന്  പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് 18.02.2021-ലെ സർക്കാർ ഉത്തരവ് (എം.എസ്) നം.51/2021/ ആഭ്യന്തരം പ്രകാരം തത്വത്തിൽ അനുമതി നൽകി ഉത്തരവായിരുന്നതായി എം എൽ എ പറഞ്ഞു. എന്നാൽ ഫയർ സ്റ്റേഷന്  സ്വന്തമായി  സ്ഥലം അന്വേഷിച്ചെങ്കിലും  ലഭ്യമായിരുന്നില്ല.തുടർന്ന് ഇതിന് വേണ്ടി 
കഴിഞ്ഞ  പഞ്ചായത്ത് ഭരണസമിതിയുമായി നടത്തിയ കൂടിയാലോചനകളെ തുടർന്ന് നേര്യമംഗലത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള    സാംസ്കാരിക നിലയത്തിന്റെ കെട്ടിടം  ഫയർ സ്റ്റേഷനായി വിട്ട്   നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.ടി കെട്ടിടത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തന്നെ ഒരുക്കി നൽകുകയും ചെയ്തിരുന്നു . അതിന്റെ തുടർച്ചയിൽ മറ്റ് സ്റ്റേഷനുകളിൽ നിന്നും നേര്യമംഗലം സ്റ്റേഷനിലേക്ക് ആവശ്യമായ വാഹനങ്ങൾ കണ്ടെത്തി ഉറപ്പുവരുത്തിയിരുന്നു.എന്നാൽ ആവശ്യത്തിന് തസ്തിക സൃഷ്ടിക്കാൻ കഴിയാത്തതുമൂലം ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ   ആരംഭിക്കുവാൻ  ആവശ്യമായ തസ്തികകൾ അനുവദിക്കുവാനും  
ഇതിലുപരിയായി ആവശ്യം വരുന്ന തസ്തികകൾ പുനർവിന്യാസത്തിലൂടെ കണ്ടെത്താനും  18/2/26 ൽ ചേർന്ന മന്ത്രിസഭയിൽ തീരുമാനിച്ചത് .ഇതിന്റെ തുടർച്ചയിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന സാഹചര്യത്തിൽ എത്തിയിട്ടുള്ളത്. 
കവളങ്ങാട് പഞ്ചായത്ത് പരിധി,കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം പ്രദേശം വരെ ഉൾക്കൊള്ളുന്ന മൂന്നു വാർഡുകൾ,
കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി, മാമലക്കണ്ടം പ്രദേശങ്ങൾ, ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ കരിമണൽ,തട്ടേക്കണ്ണി പ്രദേശങ്ങൾ, അടിമാലി പഞ്ചായത്തിലെ വാളറ വരെ വരുന്ന പ്രദേശങ്ങളാണ് നേര്യമംഗലം ഫയർസ്റ്റേഷന് പരിധിയിൽ വരുന്നത്. കവളങ്ങാട്, കുട്ടമ്പുഴ,കീരമ്പാറ, അടിമാലി,കഞ്ഞിക്കുഴി, വണ്ണപ്പുറം വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറെ കാലങ്ങൾ ആയിട്ടുള്ള  ഒരാവശ്യമാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്ന തിലൂടെ സാധ്യമായിട്ടുള്ളതെന്നും  എംഎൽഎ പറഞ്ഞു.

date