ബാലഭവനില്‍ 2.66 കോടിയുടെ വികസനപദ്ധതികള്‍; നിര്‍മാണോദ്ഘാടനം ഏഴിന്
ജവഹര്‍ ബാലഭവനില്‍ 2.66 കോടിയുടെ വികസന-നിര്‍മാണപദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് ഏഴ് രാവിലെ 11.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും. രണ്ട് കോടിരൂപ ചിലവില്‍ നിര്‍മിക്കുന്ന ബാലഭവന് സുവര്‍ണ ജൂബിലി സ്മാരക ബഹുനില ആസ്ഥാന മന്ദിരം, ശീതീകരണമുള്പ്പടെ ഓഡിറ്റോറിയത്തിന്റെ നവീകരണം, കുട്ടികളുടെ മിനി തിയറ്റര്‍ എന്നിവയാണ് നിര്‍മിക്കുക.
നിര്‍വഹണ ഏജന്‍സിയായ തീരദേശവികസന കോര്പ്പറേഷന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഐ.ജി ഷിലുവാണ് രൂപകല്‍പ്പന. കേരളീയ വാസ്തുശില്പ മാതൃകയിലുള്ള ആസ്ഥാനമന്ദിരത്തിന് മൂന്ന് നിലകളുണ്ടാകും. 7238 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ്, സ്റ്റാഫ് റൂം, ചെയര്മാന് ഓഫീസ് മുറി, രണ്ട് ക്ലാസ് മുറികള്‍, സന്ദര്‍ശക മുറി, ബോര്‍ഡ് റൂം എന്നിവയാണ് ഒരുക്കുക.
രണ്ടാം നിലയില്‍ ആറ് ക്ലാസ് മുറികളും കുട്ടികളുടെ ലൈബ്രറിയും മൂന്നാം നിലയില്‍ ആറ് ക്ലാസ് മുറികളും സമ്മേളനഹാളും ബാല്‍ക്കണിയും സജ്ജമാക്കും. ഓരോ നിലകളിലും ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ഒരുക്കും. 60ലക്ഷം രൂപ ചിലവിലാണ് ഓഡിറ്റോറിയത്തില്‍ ശീതീകരണം ഉള്‍പ്പടെയുള്ള നവീകരണപദ്ധതികള്‍ നടപ്പാക്കുക. പൊതുമരാമത്ത് വകുപ്പിനാണ് കുട്ടികളുടെ മിനി തീയേറ്ററിന്റെ നിര്‍മാണചുമതല. 28.87 ലക്ഷം രൂപയാണ് പദ്ധതിവിഹിതം.
ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തും. എം. നൗഷാദ് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആര് ലതാദേവി, മേയര്‍ എ.കെ ഹഫീസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രാജന് എന്‍. ഖൊബ്രഗഡെ, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, തീരദേശ വികസന കോര്പ്പറേഷന് എം.ഡി പി.ഐ ഷെയ്ക്ക് പരീത്, കോര്പ്പറേഷന് കൗണ്‍സിലര്‍ ടി ഷൈനി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments