Skip to main content

ഓർമ്മകളുടെ പടവുകളിലേക്ക് തിരികെയെത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ;ദർബാർ ഹാൾ മൈതാനം സന്ദർശിച്ചു

കാലം ഒരു വട്ടം കൂടി ചുറ്റിത്തിരിഞ്ഞ് പഴയ ഓർമ്മകളുടെ പടവുകളിലേക്ക് തിരികെയെത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. 2001 മുതൽ 2004 വരെയുള്ള കാലയളവിൽ എറണാകുളം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, താൻ നവീകരണത്തിന് ചുക്കാൻ പിടിച്ച ദർബാർ ഹാൾ മൈതാനത്തേക്കാണ് കൊച്ചിയിലെത്തിയ ശേഷം ആദ്യ സന്ദർശനം നടത്തിയത്. മുപ്പത്തിയാറ് മാസത്തെ തന്റെ ഭരണകാലയളവിൽ നഗരത്തിന് അദ്ദേഹം നൽകിയ  ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ്   മൈതാനത്തിന്റെ രൂപമാറ്റം.

ദർബാർ ഹാൾ ഗ്രൗണ്ടിനെക്കുറിച്ച് എനിക്ക് ഒരുപാട് ഓർമ്മകളുണ്ട്. അന്ന് ഗ്രൗണ്ടിന്റെ നവീകരണത്തിനായി ഒരുപാട് പരിശ്രമിച്ചിരുന്നു. ആ പദ്ധതികളെല്ലാം ഇന്നും വിജയകരമായി നിലനിൽക്കുന്നു എന്നതിൽ സന്തോഷമുണ്ട്. മൈതാനം മികച്ച രീതിയിലാണ് പരിപാലിച്ചു പോരുന്നത് എന്നും പഴയകാല സ്മരണകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വെറും പൂഴിമണൽ പരപ്പായിക്കിടന്നിരുന്ന ദർബാർ ഹാൾ മൈതാനത്തെ ശാസ്ത്രീയമായ രീതിയിൽ പുല്ല് പിടിപ്പിച്ച് നഗരത്തിന്റെ പച്ചത്തുരുത്താക്കി മാറ്റിയത് ഗ്യാനേഷ് കുമാറിന്റെ ദീർഘവീക്ഷണമായിരുന്നു. കളക്ട‌റുടെ ക്യാമ്പ് ഓഫീസിനോട് ചേർന്ന് കിടന്നിരുന്ന മൈതാനത്തിൻ്റെ ഓരോ നവീകരണ പ്രവർത്തനത്തിലും അദ്ദേഹം നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ എന്ന നിലയിൽ  മൈതാനത്തിന് ചുറ്റും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി കൗൺസിലിന് സ്ഥിരവരുമാനം ഉറപ്പാക്കിയതും അദ്ദേഹത്തിന്റെ ഭരണമികവിന്റെ അടയാളമാണ്.

മൈതാനത്ത് വൃക്ഷത്തൈ നട്ടശേഷo   മൈതാനത്തോട് ചേർന്നുള്ള ആർട്ട് ഗാലറി, എറണാകുളത്തപ്പൻ അദ്ധ്യാത്മിക ഗ്രന്ഥശാല എന്നിവിടങ്ങൾ സന്ദർശിച്ചു. തുടർന്ന് എറണാകുളം ശിവക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഔദ്യോഗിക ഒരുക്കങ്ങൾ വിലയിരുത്താനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗങ്ങൾക്കായി മാർച്ച് ഏഴ് വരെ അദ്ദേഹം കൊച്ചിയിൽ തുടരും.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ​ഡോ. വിവേക് ജോഷി, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർമാർ, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർമാർ, ഡയറക്ടർ ജനറൽമാർ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർ ജി പ്രിയങ്ക, ഉന്നത പോലീസ് ഉദ്യോഗസ്ഥർ,  മറ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം അനുഗമിച്ചു.

date