കഴിഞ്ഞ പത്ത് വർഷത്തിൽ അഗ്നി രക്ഷാസേനയുടെ നവീകരണത്തിനായി ചെലവഴിച്ചത് 251 കോടി : മുഖ്യമന്ത്രി പിണറായി വിജയൻ
കഴിഞ്ഞ പത്ത് വർഷത്തിൽ അഗ്നി രക്ഷാസേനയുടെ നവീകരണത്തിനായി 251 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയതായി അനുവദിച്ച നേര്യമംഗലം അഗ്നിരക്ഷാ നിലയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രണ്ട് സർക്കാരുകളുടെ കാലത്ത് 12 പുതിയ അഗ്നി രക്ഷാ നിലയങ്ങളാണ് അനുവദിച്ചത്. ഇതോടെ
കേരളത്തിലെ ആകെ സ്റ്റേഷനുകളുടെ എണ്ണം 132 ആയി വർധിക്കുകയും ചെയ്തു.
കേരളത്തിൽ ദുരന്ത നിവാരണ രംഗത്ത് അതുല്യമായ സേവനമാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് നടത്തുന്നത്.
ദുരന്തമുഖങ്ങളിൽ ഫസ്റ്റ് റെസ്പോണ്ടർമാരായി പ്രവർത്തിക്കുന്ന സേനാ വിഭാഗമാണിത്. അതുകൊണ്ട് തന്നെ സേനയെ ആധുനികവൽക്കരിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സംസ്ഥാനം സ്വീകരിക്കുന്നത്. നിലവിൽ അത്യാധുനിക സജ്ജീകരണങ്ങളാൽ നമ്മുടെ സേന സുസജ്ജമാണ്. റോബോട്ടിക് ഫയർ ഫൈറ്റിംഗ് വെഹിക്കിൾ, അണ്ടർ വാട്ടർ ഡ്രോൺ, ഫയർ ടെൻഡർ, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ, അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡർ, വാട്ടർ ബൗസർ എന്നിങ്ങനെ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും സേനയ്ക്കുണ്ട്.
2018-ലെ പ്രളയത്തിനു ശേഷം സമഗ്രമായ മാറ്റങ്ങളാണ് അഗ്നിരക്ഷാ വകുപ്പിൽ ഉണ്ടായത്. ജലാശയങ്ങളിൽ സംഭവിക്കുന്ന അപകടങ്ങളിൽ ഫലപ്രദമായ രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നതിനായി ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച്, ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം ആരംഭിച്ചു. ഇന്ന് ഏതുതരം ജലാശയ അപകടങ്ങളും നേരിടാൻ പര്യാപ്തമായ വിദഗ്ദ്ധ ടീം ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments