Skip to main content

ദ്വീപ് നിവാസികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

അമ്പതോ നൂറോ വര്‍ഷം കൊണ്ട് മാത്രം കഴിയുന്ന കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത്: മുഖ്യമന്ത്രി പിണറായി വിജയന്‍

അമ്പതോ നൂറോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വികസനപദ്ധതികളാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 100 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പെരുമ്പളം പാലം പെരുമ്പളം ദ്വീപില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനം എന്നതിലുപരി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പെരുമ്പളം പാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഈ നാട്ടുകാരുടെ ചിരകാല അഭിലാഷത്തിന്റെ സാഫല്യ നിമിഷമാണിത്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതൊക്കെ നടപ്പാവുകയില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അങ്ങനെയല്ല എന്നത് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കേരളത്തിന്റെ അനുഭവത്തിലുള്ളതാണ്. പത്ത് വര്‍ഷം മുമ്പ്, തകര്‍ന്ന റോഡുകളും പാലങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. നടപ്പാകാത്ത അനേകം പദ്ധതികളുടെ ഒരു പട്ടിക തന്നെ കേരളത്തിലുണ്ടായിരുന്നു. 2016 ന് മുമ്പുള്ള കേരളത്തില്‍ നമുക്ക് വലിയതോതിലുള്ള തിക്താനുഭവങ്ങളുണ്ട്. പ്രധാന വികസനപദ്ധതികളെല്ലാം സ്തംഭിച്ചുപോയൊരുകാലം.  എന്റെ നാട് ഇങ്ങിനെയായിപ്പോയി, ഒരു പദ്ധതിയും ഇവിടെ വരില്ല എന്നെല്ലാം ആളുകള്‍ ശപിച്ചുകഴിഞ്ഞിരുന്ന കാലം. അതിന്റെ തുടര്‍ച്ചയായാണ് 2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. തുടര്‍ന്ന് ആ ശാപാന്തരീക്ഷമേ മാറിപ്പോയി. കടുത്ത നിരാശയില്‍ കഴിഞ്ഞ ആളുകള്‍ നല്ല പ്രത്യാശയിലായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എങ്ങിനെയാണത് വന്നത്. വെറും വാചകങ്ങള്‍ കൊണ്ടല്ല. നമ്മുടെ നാട്ടില്‍ നടക്കില്ല എന്ന് കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ നടപ്പാകുന്ന നിലവന്നതോടുകൂടിയാണ്. 2016 ല്‍ ദേശീയപാത ഏതെങ്കിലും തരത്തില്‍ കേരളത്തില്‍ യാഥാര്‍ഥ്യമാവുമെന്ന് ആരെങ്കിലും കരുതിയോ. ദേശീയപാതക്കാര് പോലും നാടുവിട്ടുപോയി. ഇപ്പോ നിങ്ങള്‍ കാണുന്നുണ്ട് ദേശീയപാത അതിവേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തീകരിച്ച ഭാഗങ്ങള്‍ പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും എന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. ഇത് എങ്ങിനെയാണ് യാഥാര്‍ത്ഥ്യമായത്. കഴിഞ്ഞ 10 വര്‍ഷമായി നാട് ഭരിക്കുന്ന ഈ സര്‍ക്കാരിനു വികസനപദ്ധതികള്‍ നാടിനാവശ്യമാണ് എന്ന പ്രതിബദ്ധത വേണ്ടതിലധികം ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതമാത്രമല്ല ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, ഇടമണ്‍ പവര്‍ഹൈവേ ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ടവയായിരുന്നു. എന്നാല്‍ ഇന്ന് ഇതിലൂടെ ഗ്യാസും വൈദ്യുതിയും ഒക്കെ പ്രവഹിക്കുകയാണ്. ഇതെല്ലാം എതിര്‍പ്പുകാര്‍ നാടുവിട്ടതുകൊണ്ടല്ല. അവരൊക്കെ ഇവിടെ തന്നെയുണ്ട്. ഒരു സര്‍ക്കാരിന്റെ പ്രാഥമിക ബാധ്യത പദ്ധതികള്‍ നടപ്പാക്കലാണ്. പദ്ധതികളെ എതിര്‍ക്കുന്നവരുണ്ടാവും. ആ എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാനല്ല ഗവണ്‍മെന്റ്. എതിര്‍പ്പുകാരോട് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ ചിലരത് ഉപേക്ഷിച്ചു. ചിലര്‍ സഹകരിച്ചു. എതിര്‍പ്പോടെ നിന്നവര്‍ പദ്ധതി മുടക്കാന്‍ കഴിയാത്തവരുമായി. വഴങ്ങില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് വഴിയാണ് ഇതൊക്കെ യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

 

തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവക്ക് 10000 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവിടുന്നത്. രണ്ടു പദ്ധതിയും നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. കോവളത്ത് നിന്ന് ബേക്കലിലേക്കുള്ള ജലപാതയും കേരളത്തിന്റെ ടൂറിസം രംഗത്ത് വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതാണ്. ഈസര്‍ക്കാര്‍ വന്നതുകൊണ്ടും അവര്‍ക്ക് ജനം തുടര്‍ഭരണം നല്‍കിയതുകൊണ്ടുമാണ് ഇതൊക്കെ സാധ്യമാക്കാന്‍ കഴിഞ്ഞത്. അതുതന്നെയാണ് ഈ പാലത്തിന്റെയും അവസ്ഥ. കേരളത്തില്‍ റോഡുകള്‍, പാലങ്ങള്‍, ഓവര്‍ബ്രിഡ്ജുകള്‍, ഫ്‌ളൈ ഓവറുകള്‍ എല്ലാം വന്‍തോതിലാണ് വന്നത്. 150 ലധികം  പാലങ്ങളാണ് പൂര്‍ത്തിയാക്കിയത്. 3 വര്‍ഷം കൊണ്ട് തന്നെ സര്‍ക്കാരിന് 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കാനായി. ഇതൊക്കെ നാടിനോട് പ്രതിബദ്ധതയുള്ള ഒരു മുന്നണി നാട് ഭരിക്കുന്നതുകൊണ്ട് മാത്രം ഉണ്ടായ കാര്യമാണ്. എല്ലാവരും ഒരുപോലെആയിരുന്നെങ്കില്‍ 2011-16 കാലത്ത് നമ്മുടെ നാട് വല്ലാതെ പുറകോട്ട് പോകില്ലായിരുന്നു. നമ്മുടെ നാട് ഇന്ന് എല്ലാമേഖലയിലും മുന്നേറുകയാണ്. 

ഈ പശ്ചാത്തലസൗകര്യവികസനം എങ്ങിനെയാണ് നമുക്ക് സാധ്യമാക്കാന്‍ കഴിഞ്ഞത്. 2016 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ച സംവിധാനമാണ് കിഫ്ബി. അതിനെയും എതിര്‍ക്കാനും ആക്ഷേപിക്കാനും പുച്ഛിക്കാനും ആളുണ്ടായി. എന്നാല്‍ കിഫ്ബിയുടെ സഹായത്തോടെ പദ്ധതികള്‍ യാഥാര്‍ഥ്യമായി. നമ്മുടെ ആവശ്യങ്ങള്‍ പലതാണ്. പക്ഷേ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ കയ്യില്‍ ആവശ്യത്തിന് പണമില്ല. അതിനുള്ള പണം ഖജനാവില്‍ കുറവാണ്. ഒരു സമാന്തര ധനസ്രോതസ്സ് വേണം. അതാണ് കിഫ്ബിയിലൂടെ നാം കണ്ടെത്തിയത്. പശ്ചാത്തല സൗകര്യവികസനത്തിനായി കിഫ്ബി പണം ചെലവഴിക്കുന്നു. അത് നാടിന്റെ വികസനത്തിന് സഹായിക്കുന്നു. അന്ന് 50000 കോടി രൂപയാണ് കിഫ്ബിയിലൂടെ പശ്ചാത്തലസൗകര്യവികസനത്തിന് നാം കണ്ടത്. 2021 ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 62000 കോടി രൂപയുടെ പദ്ധതികളാണ് യാഥാര്‍ത്ഥ്യമായത്. ഇപ്പോള്‍ 2026 ല്‍ ഒരുലക്ഷത്തി പതിനായിരം കോടിയുടെ പദ്ധതികളാണ് യാഥാര്‍ഥ്യമായത്. എവിടെ നോക്കിയാലും അതിന്റെ സാക്ഷ്യപത്രം കാണാം. സ്‌കൂളായും ആശുപത്രിയായും പാലങ്ങളായും റോഡുകളായുമൊക്കെ. 

ഏത് രംഗമെടുത്താലും നാം അഭിവൃദ്ധിപ്പെട്ടതായി കാണാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗം വലിയതോതില്‍ മെച്ചപ്പെട്ടു. നമ്മുടെ ആരോഗ്യരംഗം രാജ്യവും ലോകവും ശ്രദ്ധിക്കുന്ന അവസ്ഥയിലേക്ക് മെച്ചപ്പെട്ടു. ഫിഷറീസ് രംഗത്ത് വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. വളര്‍ച്ച പിന്നോട്ടായിരുന്ന കാര്‍ഷിക രംഗത്ത് അതിശയിപ്പിക്കുന്ന അഭിവൃദ്ധി നേടാന്‍ കഴിഞ്ഞു. സാമൂഹിക രംഗത്ത് ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതില്‍ രാജ്യത്തിന് തന്നെ മാതൃകയായി കേരളം നില്‍ക്കുന്നു. പ്രഖ്യാപനത്തിലല്ല, ആ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിലാണ് ഈ സര്‍ക്കാര്‍ എപ്പോഴും ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് 600 രൂപയുണ്ടായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷന്‍ 2021 ലായപ്പോള്‍ 1600 ലേക്കും 2026 ആകുമ്പോള്‍ 2000 ലേക്കും എത്തി നില്‍ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വികസനത്തിന്റെ സ്പര്‍ശം ഏല്‍ക്കാത്ത ഒരു പ്രദേശവും ഉണ്ടാവില്ല കേരളത്തില്‍. ഈ പെരുമ്പളം പാലം സാധ്യമാവുമെന്ന് നിങ്ങള്‍ 2016 ന് മുമ്പ് ചിന്തിച്ചിട്ടുണ്ടോ. 2016 ല്‍ ഈ സര്‍ക്കാര്‍ വന്നതുകൊണ്ടല്ലേ ഈ പാലം യാഥാര്‍ഥ്യമായത്. അതാണ് ഈ സര്‍ക്കാരിന്റെ പ്രത്യേകത. നാം ശരിയായ പാതയില്‍ മുന്നോട്ടുപോവുകയാണ്. ഒരു ഭാഗത്ത് നാടിന്റെ വികസനം, മറ്റൊരു ഭാഗത്ത് ജനങ്ങളുടെ ക്ഷേമം, ഇതെല്ലാം അഭിവൃദ്ധിപ്പെടുത്തിക്കൊണ്ട് പോകാനാണ് നാം ഉദ്ദേശിക്കുന്നത്. നാം ലക്ഷ്യമിടുന്നത് ഒരു നവകേരളമാണ്. ആ നവകേരളം ഒരു സങ്കല്‍പമല്ല, യാഥാര്‍ഥ്യമാണ്. അത് യാഥാര്‍ഥ്യമാക്കാനാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നാടും നാട്ടുകാരും ഈ യാത്രയില്‍ എല്ലാ സഹായവും പിന്തുണയും നല്‍കിയിട്ടുണ്ട്. നവകേരള സൃഷ്ടിക്കായി ഇനിയും അതുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. 2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ പെരുമ്പളം പാലം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമായിരുന്നു എന്ന് 
മന്ത്രി പറഞ്ഞു. പാലമില്ലാത്ത കാലത്ത് ഒരു അസുഖം വന്നാല്‍ പോലും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ ഈ പ്രദേശത്തെ ജനങ്ങള്‍ അനുഭവിച്ചിരുന്ന വലിയ പ്രയാസങ്ങളെ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഏത് പ്രതിസന്ധിയുണ്ടായാലും അതിനെ തട്ടിമാറ്റി ജനകീയ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദലീമ ജോജോ എം എല്‍ എ സ്വാഗതം പറഞ്ഞു. കെ ആര്‍ എഫ് ബി പ്രൊജക്റ്റ് ഡയറക്ടര്‍ എം അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, മുന്‍ എം പി എ എം ആരിഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ രജിത,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി ആര്‍ ഗിരീഷ്, ബിനിത പ്രമോദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഡി സജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വിവേകാനന്ദ, കെ ജെ ജിസ്മി, പഞ്ചായത്ത് അംഗം അഞ്ജു എന്‍ ഓമനക്കുട്ടന്‍, പിന്നാക്ക വികസന കോ- ഓര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ പ്രസാദ്, കെ എസ് ഡി പി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നാസര്‍, കെ ആര്‍ എഫ് ബി സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി ആര്‍ മഞ്ജുഷ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം കെ ഉത്തമന്‍, പി കെ ഫസലുദ്ദീന്‍, വി സി ഫ്രാന്‍സിസ്, ജോയി കൊച്ചുതറ, അസഫലി, ആര്‍ പത്മകുമാര്‍, നേമം ലോറന്‍സ്, ജോയ് കൊച്ചുതറ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

201617 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെ.ആര്‍.എഫ്.ബി  വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല. ആലപ്പുഴ ജില്ലയിലെ അരൂര്‍ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം പണിതീര്‍ത്തത്. ആകെ 1155.40 മീറ്റര്‍ നീളമുള്ള പാലത്തിന് 35 മീറ്റര്‍  27 സ്പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയില്‍ 55 മീറ്റര്‍ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ച് സ്പാനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ മനോഹര കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്‍പന. ടൂറിസം മേഖലയില്‍ വലിയ സാധ്യതകളുള്ള പെരുമ്പളത്തിന് പാലം പുതിയ വാതായനങ്ങള്‍ തുറന്നു നല്‍കും.

date