Skip to main content

ഞങ്ങൾ പങ്കെടുക്കും, ആശങ്കയില്ലാതെ: കന്നി വോട്ടർമാർക്ക് ആവേശം പകർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

​തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് നേരിട്ടറിയാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് 'ജെൻ സി' (Gen Z) എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവതലമുറ.  തിരഞ്ഞെടുപ്പിൽ കന്നി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്ന യുവാക്കളെ ബോൾഗാട്ടിയിൽ നടന്ന ബോധവൽക്കരണ പരിപാടിയിലേക്ക്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്വാഗതം ചെയ്തു.  യാതൊരുവിധ ആശങ്കയുമില്ലാതെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ഓരോ വോട്ടും ജനാധിപത്യത്തിൽ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെങ്കിലും, താൻ ആർക്കാണ് വോട്ട് ചെയ്തത് എന്നത് തികച്ചും രഹസ്യമാക്കി വയ്ക്കണമെന്ന പ്രധാന നിർദ്ദേശവും അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി.

​മലയാളത്തിൽ സംസാരിച്ചുകൊണ്ട് യുവാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച അദ്ദേഹം, ഊർജ്ജസ്വലരായ യുവജനത ബുദ്ധിപൂർവം വോട്ട് രേഖപ്പെടുത്തി ഇലക്ഷന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റണമെന്നും ആഹ്വാനം ചെയ്തു. 

ചടങ്ങിന്റെ ഭാഗമായി കെ.എം.എം കോളേജിലെ അഞ്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം നേരിട്ട് ഇലക്ഷൻ ഐഡി കാർഡുകൾ കൈമാറി. തുടന്ന് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിളിച്ചോതി  ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കുമെന്ന ഉറപ്പ് യുവാക്കളിൽ നിന്ന് ലഭിച്ച ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മടങ്ങിയത്.

date