പഴയ വഴികളിലൂടെ ഒരു മടക്കയാത്ര; ഓർമ്മകൾ പുതുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
ഔദ്യോഗിക തിരക്കുകൾക്കിടയിലും പഴയ തട്ടകത്തിലെ ഓർമ്മകളിലേക്ക് മടങ്ങിപ്പോയി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കൊച്ചിയിലെത്തിയ അദ്ദേഹം തന്റെ സന്ദർശനത്തിന്റെ രണ്ടാം ദിനം ചെലവഴിച്ചത് 22 വർഷങ്ങൾക്ക് മുമ്പ് താൻ ജില്ലാ കളക്ടറായിരുന്ന കാലത്ത് നടപ്പിലാക്കിയ വികസന പദ്ധതികൾ സന്ദർശിക്കാനായിരുന്നു. ഡി.ടി.പി.സി.യുടെ മ്യൂസിക്കൽ വോക്ക് വേ, ചീനവല പാലം, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
മ്യൂസിക്കൽ വോക്ക് വേയിലൂടെ നടന്നുകൊണ്ടായിരുന്നു അദ്ദേഹം യാത്ര ആരംഭിച്ചത്. വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഒരുക്കിയ ഡി കമ്പനി ഡാൻസ് ടീമിന്റെ പ്രകടനം ആസ്വദിച്ച ശേഷം അദ്ദേഹം എത്തിയത് കൊച്ചിയുടെ അടയാളമായ ചീനവലപ്പാലത്തിലേക്കാണ്. പാലത്തിന്റെ നിർമ്മാണത്തിനായി അന്ന് സ്വീകരിച്ച നൂതനമായ വഴികളും സാങ്കേതിക വിദ്യകളും അദ്ദേഹം സഹപ്രവർത്തകർക്ക് വിവരിച്ചുകൊടുത്തു
2002-ൽ തന്റെ നേതൃത്വത്തിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്കിലായിരുന്നു സന്ദർശനത്തിന്റെ അടുത്ത ഘട്ടം. പാർക്കിനോടൊപ്പം ഒരു കുളവും, ബോട്ടിങ്ങും , മ്യൂസിക്കൽ ഫൗണ്ടനും വേണമെന്ന തന്റെ അന്നത്തെ ആഗ്രഹം യാഥാർത്ഥ്യമാക്കിയ കാര്യം അദ്ദേഹം സ്മരിച്ചു. പാർക്കിൽ സ്കേറ്റിംഗ് പരിശീലനത്തിനെത്തിയ കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും അവരോട് സംവദിച്ചും അദ്ദേഹം സമയം ചെലവഴിച്ചു. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും മികച്ച രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ സ്വപ്നപദ്ധതികൾ യാഥാർത്ഥ്യമായിരിക്കുന്നത് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെയായിരുന്നു അന്നത്തെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കിയതെന്ന് അദ്ദേഹം ഓർത്തെടുത്തു. പേരക്കുട്ടികളോടൊപ്പം ഇനിയും ഈ പാർക്കിലേക്ക് തിരികെ വരുമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
ജില്ലാ കളക്ടർ ജി പ്രിയങ്ക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവതി ഗോപകുമാർ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, പഴയ സഹപ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം യാത്രയിൽ അനുഗമിച്ചു.
- Log in to post comments