Skip to main content

നുവാല്‍സില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വോളിബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു

നുവാല്‍സില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ്‌ലിറ്റ് വോളിബോൾ കോർട്ട് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രിയും നുവാല്‍സ് പ്രോ-ചാൻസലറുമായ ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

നുവാല്‍സിലെ വിദ്യാർഥികൾക്ക് മാത്രമല്ല, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കളിക്കാർക്കും പുതിയ കോര്‍ട്ട് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്റർകോളീജിയേറ്റ്, ദേശീയ,

അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ആതിഥ്യം വഹിക്കാന്‍ നുവാല്‍സിന് ഈ കോർട്ട് ഭാവിയില്‍ ഉപകരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

അത്തരം പ്രധാന മത്സരങ്ങൾ നടത്തുന്നത് നുവാല്‍സിന്റെ കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായി മാറുമെന്നും പുതിയ കോർട്ട് സർവകലാശാലയിലെ കായിക പ്രതിഭകൾക്ക് സുവര്‍ണാവസരങ്ങളിലേക്കുള്ള ഒരു വാതിൽ തുറക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നിന്നും 16,86,119/- രൂപ ചെലവഴിച്ചാണ് കോര്‍ട്ട് പണി കഴിപ്പിച്ചിരിക്കുന്നത്.

ചടങ്ങിന് അധ്യക്ഷത വഹിച്ച ബഹു. വാണിജ്യ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് കായിക പ്രോത്സാഹനത്തിനായുള്ള സർവകലാശാലയുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജും അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും തമ്മില്‍ നടന്ന സൗഹൃദ മത്സരവും മന്ത്രി ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ ചടങ്ങിൽ വിശിഷ്ടാതിഥിയായി. നുവാല്‍സ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി, രജിസ്ട്രാർ ലിന അക്ക മാത്യു എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

date